രാത്രിയില്‍ ഗ്രില്ലില്‍ വേവിച്ചെടുക്കുന്ന ചിക്കനും കുബ്ബൂസും കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അതു കഴിക്കാന്‍ ഇനി ഹോട്ടലില്‍ പോകേണ്ടതില്ല. വീട്ടില്‍ത്തന്നെ അനായാസം നമുക്ക് അത് തയ്യാറാക്കാം. അത് എങ്ങനെയെന്ന് നോക്കാം...

ആവശ്യമായ സാധനങ്ങൾ 

ചേരുവ- 1
തൈര് - രണ്ട് കപ്പ്

ചേരുവ- 2
ഒലിവ് ഓയില്‍ - രണ്ട് ടേബിള്‍സ്‌പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - പാകത്തിന്
മുളകുപൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കുരുമുളക് ചതച്ചത് - മുക്കാല്‍ ടീസ്‌പൂണ്‍
മല്ലിപ്പൊടി - മുക്കാല്‍ ടീസ്‌പൂണ്‍
ജീരകപ്പൊടി - അര ടീസ്‌പൂണ്‍
കറുവപ്പട്ടപ്പൊടി - ഒരു നുള്ള്

ചേരുവ- 3
നാരങ്ങാനീര് - ഒരു ടേബിള്‍സ്‌പൂണ്‍
ഉപ്പ് - ഒരു നുള്ള്

ചേരുവ- 4
ചിക്കന്‍ ബ്രെസ്റ്റ് - നാല് കഷണം

ചേരുവ- 5
ചുവന്നുള്ളി അരിഞ്ഞത്- രണ്ട് ടേബിള്‍സ്‌പൂണ്‍
പുതിനയില അരിഞ്ഞത് - അരക്കപ്പ്
മല്ലിയില അരിഞ്ഞത് - അരക്കപ്പ്
ഒലിവ് ഓയില്‍ - ഒരു ടേബിള്‍സ്‌പൂണ്‍

പാകം ചെയ്യുന്ന വിധം

  • ഒരു കപ്പ് തൈരിൽ രണ്ടാമത്തെ ചേരുവകളായ ഒലിവ് ഓയിൽ, നാരങ്ങാനീര്, ഉപ്പ്, മുളകുപ്പൊടി, കുരുമുളകു ചതച്ചത്, മല്ലിപ്പൊടി, ജീരകംപൊടി, കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേർക്കുക. ഇത് ചിക്കൻ കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.
  • ഒരു കപ്പ് തൈരിൽ ഒരു വലിയ സ്പൂൺ നാരങ്ങാനീര്, ഒരു നുളള് ഉപ്പ് എന്നിവ യോജിപ്പിക്കുക. 
  • പുരട്ടി വച്ചിരിക്കുന്ന ചിക്കനിൽ ഒലിവ് ഓയിൽ പുരട്ടുക. ചിക്കൻ ഫോയിൽ പേപ്പർ കൊണ്ടു മൂടി വച്ചു ഗ്രിൽ ചെയ്യുക. 
  • ഒരു ബൌളിൽ രണ്ടു വലിയ സ്പൂൺ ചുവന്നുളളി അരിഞ്ഞത്, അരക്കപ്പ് പുതിനയില അരിഞ്ഞത്, അരക്കപ്പ് മല്ലിയില അരിഞ്ഞത്, ഒരു വലിയ സ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിക്കുക. 
  • ഗ്രീൽ ചെയ്ത ചിക്കനു മുകളിൽ യോജിപ്പിച്ചുവെച്ചിരിക്കുന്ന തൈര്, നാരങ്ങാനീര്,ഉപ്പ് എന്നിവ ചേർക്കുക. ശേഷം അതിലേക്ക് ബൌളിലാക്കി വെച്ചിരിക്കുന്നവയും ചേർക്കുക.