പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉപയോഗിച്ചുമാത്രമെ നിയന്ത്രിക്കാനാകൂ. ഇടയ്‌ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരുന്നത്, പലര്‍ക്കും അത്യന്തം അസഹനീയമായ കാര്യമാണ്. ഏതായാലും പ്രമേഹരോഗികള്‍ക്ക് ഇനി ആശ്വസിക്കാവുന്ന കാലമാണ് വരാന്‍ പോകുന്നത്. ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഗുളികകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. അമേരിക്കയില്‍നിന്നുള്ള ഒരുകൂട്ടം ഗവേഷകരമാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്. ക്ലോസെറ്റോസോംസ് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ഇന്‍സുലിന്‍ ഗുളികകളാണ് ന്യൂയോര്‍ക്കിലെ നയാഗ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്രൊഫസര്‍ മേരി മക്‌കോര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്. ഈ ഗുളിക കഴിച്ചുകഴിഞ്ഞാല്‍ കുടലില്‍വെച്ച് ക്യാപ്‌സ്യൂളിനുള്ളിലുള്ള ഇന്‍സുലിന്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇന്‍സുലിന്‍ നേരിട്ട് വയറില്‍ എത്തുന്നത്, ദോഷകരമാണ്. അതുകൊണ്ടാണ് ക്ലോസെറ്റോസോം ക്യാപ്‌സ്യൂളിനുള്ളിലാക്കിയതെന്നും ഗവേഷകര്‍ പറയുന്നു. ഏതായാലും ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിന് അംഗീകാരം ലഭിച്ചാല്‍ ലോകവ്യാപകമായി വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.