ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സുഹൃത്തുക്കളൊന്നുമില്ലാതെ, സാമൂഹികബന്ധമില്ലാതെ, ഏകാന്തവാസം നയിക്കുന്നവരില്‍ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമത്രെ. ഇത് ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഏകാന്തത മൂലം മാനസികസമ്മര്‍ദ്ദം അധികമാകുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്റെ അളവ് ക്രമാതീതമാകുകയും ചെയ്യും. ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് അനുവദനീയമായതിലും കൂടിയാല്‍, രക്തസമ്മര്‍ദ്ദം ഉയരുകയും, ഹൃദയധമനികളിലേക്ക് തലച്ചോറിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുകയും ചെയ്യും. ഇത് ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകും. അതുകൊണ്ടുതന്നെ പരമാവധി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കാനും, എപ്പോഴും സമൂഹത്തില്‍ ഇടപെടണമെന്നും പഠനസംഘം നിര്‍ദ്ദേശിക്കുന്നു. പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ പ്രോസീഡിംഗ്സ് ഓഫ് ദ റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.