മുംബൈ: ഇത് സെല്‍ഫിയുടെ കാലമാണ്. വ്യത്യസ്തമായ സെല്‍ഫികള്‍ എടുക്കുകയെന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അതുകൊണ്ടാണ് തീവണ്ടിയിലും വിമാനത്തിലും കടലിലുമൊക്കെ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ, വിമാനത്തില്‍വെച്ച് എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് ഒരു യുവാവ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. ജെറ്റ് എയര്‍വേസ് വിമാനത്തില്‍വെച്ച് എയര്‍ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഗുജറാത്ത് സ്വദേശി, മൊഹമ്മദ് അബുബക്കര്‍ എന്ന ഇരുപത്തിയൊമ്പതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ അബുബക്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ദമാം-മുംബൈ വിമാനത്തിലാണ് സംഭവം. വിമാനം മുംബൈ ഛത്രപതി ശിവജി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് യുവാവിനെ പിടികൂടിയത്. വ്യോമയാന നിയമങ്ങള്‍ ലംഘിച്ച് വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ഇയാള്‍ പുകവലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈയൊരു കുറ്റം കൂടി ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 354, 336 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിമാനത്തിനുള്ളില്‍വെച്ച് തന്റെ കൈയില്‍ കടന്നുപിടിക്കുകയും, സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്‌തതായാണ് എയര്‍ ഹോസ്റ്റസ് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ തമാശയായാണ് താന്‍ എയര്‍ ഹോസ്റ്റസിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതെന്നായിരുന്നു അബുബക്കര്‍ പൊലീസിനോട് പറഞ്ഞത്. ദമാമിലെ ഒരു ഹോട്ടലിലെ ജീവനക്കാരനായ അബുബക്കര്‍ അവധിക്കായാണ് ഇന്ത്യയിലേക്ക് വന്നത്.
