ദില്ലി: നവ മാധ്യമങ്ങളില്‍ ട്രോളിംഗിന് ഇരയാകുന്ന സ്ത്രീകളെ സഹായിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി. ട്രോള്‍ ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് മന്ത്രി ഏര്‍പ്പെടുത്തിയ #IamTrolledHelp എന്ന ഹാഷ്ടാഗ് വഴിയോ gandhim@nic.in ഇമെയില്‍ വഴിയോ പരാതിപ്പെടാം. ഇത്തരം പരാതികള്‍ ദേശീയ വനിതാ കമ്മിഷന് കൈമാറും. 

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നടത്തിയ മാനഭംഗ പരാമര്‍ശത്തെ വിമര്‍ശിച്ച സംഗീതജ്ഞ സോന മൊഹപത്രയ്ക്ക് നവമാധ്യമങ്ങളില്‍ നിരന്തരം ശല്യം നേരിടേണ്ടിവന്നിരുന്നു. മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിക്കെതിരെയും ട്രോളിംഗ് ശല്യം ഉണ്ടായിരുന്നു. ഡല്‍ഹി സ്വദേശിനിയായ എഴുത്തുകാരി അര്‍പണ ജെയിനെ മാനഭംഗപ്പെടുത്തുമെന്ന് 2014ല്‍ ട്വിറ്ററിലൂടെ ഭീഷണിയുയര്‍ന്നിരുന്നു.