നാള്‍ക്കുനാള്‍ വണ്ണം കൂടിവരുന്നു. ഭക്ഷണം ഉപേക്ഷിച്ചും, നന്നായി വ്യായാമം ചെയ്തിട്ടും വണ്ണം കുറഞ്ഞില്ല. മുംബൈയിലെ 13 വയസുകാരിയായ പെണ്‍കുട്ടിക്ക് ആണ് ഇത് സംഭവിച്ചത്. ദിനംപ്രതി വണ്ണം കൂടിവരുന്നതിനാല്‍ വീട്ടുകാര്‍, അവളെ ഒരു ഡോക്‌ടറെ കാണിച്ചു. രക്തപരിശോധനകള്‍ ഉള്‍പ്പടെ നടത്തിയ ഡോക്‌ടര്‍ പറഞ്ഞ വിവരം വീട്ടുകാരെ ശരിക്കും ഞെട്ടിച്ചു. അവള്‍ ഇപ്പോള്‍ 27 ആഴ്‌ച ഗര്‍ഭിണിയാണ്. കഴിഞ്ഞ ആഴ്‌ച ഗര്‍ഭഛിദ്രം നടത്തുന്നതിനായി സുപ്രീംകോടതിയെ ഒരു പത്തുവയസുകാരിയുടെ കുടുംബം സമീപിച്ചത് വന്‍വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. അതേസമയം കുട്ടിയെ ഗര്‍ഭിണായാക്കിയത് ആരാണെന്നത് സംബന്ധിച്ച് പൊലീസിനും ആശുപത്രി അധികൃതര്‍ക്കും മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ ഇപ്പോള്‍ ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗൈനക്കോളജിസ്റ്റിനെ കാണിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തി. കുട്ടിയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയില്ലെന്നാണ് ഡോക്‌ടര്‍ പറയുന്നത്.