സ്വന്തം കുഞ്ഞ് ജനിച്ചയുടന്‍ ഹൃദയഭേദകമായ ചിത്രം അമ്മ ഫേസ്ബുക്കിലിട്ടു. കുടല്‍മാല പുറത്താകുന്ന ഗാസ്‌ട്രോസ്‌കൈസിസ് എന്ന ജന്മവൈകല്യമാണ് കുട്ടിക്കുള്ളത്. ക്ലോ വാള്‍ട്ടേഴ്‌സ് എന്ന യുവതിയാണ് തന്റെ കുട്ടിയുടെ ചിത്രം ഫേസ്ബുക്കിലിട്ടത്. ഈ പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ഈ ചിത്രം സഹായകരമാകുമെന്നാണ് അവര്‍ കരുതുന്നത്. കുട്ടിക്ക് അണുബാധയേല്‍ക്കാതിരിക്കാന്‍ ക്ലിങ് ഫിലിം ഉപയോഗിച്ച് പൊതിഞ്ഞിരിക്കുകയാണ്. കൂടാതെ, ചെറുചൂടുള്ള താപനിലയിലാണ് കുട്ടിയെ കിടത്തിയിരിക്കുന്നത്. പതിനാറാമത്തെ ആഴ്‌ചയിലെ സ്‌കാന്‍ റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് ഗാസ്‌ട്രോസ്‌കൈസിസ് എന്ന ആരോഗ്യപ്രശ്‌നമുള്ളതായി വ്യക്തമായത്. അങ്ങനെ 39 ആഴ്ചയും നാലു ദിവസവും പിന്നിട്ടപ്പോഴായിരുന്നു ക്ലോയുടെ പ്രസവം. അവാ-റോസ് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്. കുട്ടി ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മൂന്നു മണിക്കൂറോളം നീണ്ട മേജര്‍ ശസ്‌ത്രക്രിയ നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയത്. തുറന്ന വയറുമായി ജനിക്കുന്ന സ്ഥിതിവിശേഷമാണ് ഗാസ്‌ട്രോസ്‌കൈസിസ്. അത്യപൂര്‍വ്വമായാണ് ഗാസ്‌ട്രോസ്‌കൈസിസ് കണ്ടുവരുന്നതെങ്കിലും, അടുത്തിടെയായി ഇത്തരം കേസുകള്‍ കൂടിവരുന്നതായി ഡോക്‌ടര്‍മാര്‍ പറയുന്നു.