ഇടുക്കി: മോഷ്ടിച്ച പേഴ്സില്‍ പണമൊഴികെ ഉടമസ്ഥന്‍റെ എല്ലാ തിരിച്ചറിയല്‍ രേഖകളും കാര്‍ഡുകളും ഉണ്ട്. കള്ളന്‍ എന്തു ചെയ്യും. ഒന്നുകില്‍ നശിപ്പിക്കും, അല്ലെങ്കിലോ?. മോഷ്ടിക്കപ്പെട്ട പേഴ്സ് തപാലില്‍ ഉടമസ്ഥനെ തേടിയെത്തുന്നത് ആലോചിച്ചു നോക്കു. പൊട്ടന്‍കാട് വണ്ടാനത്തുകുന്നേല്‍ ഹരിശങ്കറിന് ഇത്തരം ഒരനുഭവം ഉണ്ട്. ബംഗ്ളൂരുവില്‍ പഠിക്കുന്ന ഹരിശങ്കറിന് കഴിഞ്ഞ മാസം 26 ന് നാട്ടിലേക്ക് വരുന്നവഴി പേഴ്സ് നഷ്ടപ്പെട്ടു.
എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിങ്ങ് ലൈസന്‍സ് തുടങ്ങി സകല തിരിച്ചറിയല്‍ രേഖകളും പേഴ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ പേഴ്സില്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഈ രേഖകളൊക്കെ മേല്‍വിലാസത്തിലേക്ക് സ്റ്റാമ്പ് ഒട്ടിക്കാതെ തിരിച്ച് അയച്ച് കൊടുത്തു കള്ളന്‍. ചാലക്കുടി തപാല്‍ ഓഫീസില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്. നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ എല്ലാം തിരിച്ച് കിട്ടിയതിന്‍റെ സന്തോഷത്തിലാണ് ഹരിശങ്കര്‍.
