കോഴിക്കോട്: കുറ്റിപ്പുറത്ത് ലോഡ്ജില്‍വെച്ച് യുവതി മുറിച്ചുമാറ്റിയ യുവാവിന്റെ ലിംഗം അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയ എട്ടുമണിക്കൂറോളം നീണ്ടു. ഇക്കഴിഞ്ഞ 18നാണ് ലിംഗം തൊണ്ണൂറുശതമാനത്തിലധികം ഛേദിക്കപ്പെട്ട നിലയില്‍ മലപ്പുറം സ്വദേശിയായ ഇരുപത്തിയാറുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്‌ട്രക്‌ടീവ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലാണ് അടിയന്തര ശസ്‌ത്രക്രിയ നടത്തിയത്. ശസ്‌ത്രക്രിയ വിജയകരമായിരുന്നു. ഏഴുദിവസത്തോളം നീണ്ട ആശുപത്രിവാസത്തിന് ഒടുവില്‍ രോഗിയെ ഡിസ്‌ചാര്‍ജ് ചെയ്തു. ഒരു മാസത്തിനകം രോഗിക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങാനാകുമെന്ന് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. കൃഷ്‌ണകുമാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. സജു നാരായണന്‍, ഡോ. അജിത് കുമാര്‍, കണ്‍സള്‍ട്ടന്റ് ഡോ. ബിബിലാഷ്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ രവികുമാര്‍ കരുണാകരന്‍, കണ്‍സള്‍ട്ടന്റ് ഡോ. സൂര്‍ദാസ്, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ. കിഷോര്‍, ഡോ. പ്രീത എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്‌ത്രക്രിയ നടത്തിയത്.