സ്‌ത്രീ-പുരുഷ ഭേദമന്യെ ഏവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ജീവിതശൈലിയിലുള്ള പുതുമയും, ഭക്ഷണക്രമത്തിലെ മാറ്റവുമാണ് മുടികൊഴിച്ചിലിനു കാരണമാകുന്നത്. സ്ഥിരമായി വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ മുടികൊഴിച്ചില്‍ മാറ്റാനാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. തലയോട്ടിയില്‍ ഫംഗസ്, വൈറസ്, ബാക്‌ടീരിയ എന്നിവ ഉണ്ടെങ്കില്‍ അതു മുടികൊഴിച്ചിലിനുകാരണമാകും. വെളിച്ചെണ്ണയിലുള്ള ലോറിക് ആസിഡ് ഇത്തരം മുടികൊഴിച്ചിലിനെതിരെ നന്നായി പ്രവര്‍ത്തിക്കും. മുടികൊഴിച്ചിലുള്ളവര്‍ക്കായി വെളിച്ചെണ്ണയുടെ ഉപയോഗത്തെക്കുറിച്ചു പറഞ്ഞുതരാം...

എല്ലാദിവസവും കുളിക്കുന്നതിനുമുമ്പ് വെളിച്ചെണ്ണ ഉപയോഗിച്ചു തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. താരനും മറ്റു ഇന്‍ഫെക്ഷനുകളും ഉണ്ടാകാതിരിക്കാന്‍ ഇത് ഉത്തമമാണ്.

ആഴ്ചയില്‍ ഒരിക്കല്‍ ചൂടാക്കിയ വെളിച്ചെണ്ണ, ചൂടു കുറഞ്ഞശേഷം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകി കളയുക. ഇങ്ങനെ കഴുകുമ്പോള്‍ തലയിലെ എണ്ണ മുഴുവനായി കഴുകിക്കളയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിലിന് ഉത്തമമായ പ്രതിവിധിയാണ്.