ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിമിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളേറെയും. ഇപ്പോഴിതാ, കേരളത്തിലും ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്‌തത് ബ്ലൂവെയില്‍ ഗെയിമിന് അടിപ്പെട്ടാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്ക് ബ്ലൂവെയിലിനെക്കുറിച്ചുള്ള സംശയങ്ങള്‍ നിരവധിയാണ് അതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്‌ത്രവിഭാഗം മറുപടി നല്‍കുന്നു...

ലഹരി വസ്തുക്കള്‍ക്ക് അടിമയാകുന്നതു പോലെയാണ് സൈബര്‍ ലോകത്തെ മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയില്‍ അടിമയാകുന്നതും. ദൈനംദിനം ചെയ്യേണ്ട കാര്യങ്ങള്‍ മാറ്റിവച്ച് ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ പോകുമ്പോഴാണ് ഇതിന് അടിമയായി എന്ന് മനസിലാക്കേണ്ടത്. തലച്ചോറില്‍ ഡോപമിന്‍ എന്ന രാസപദാര്‍ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷമുണ്ടാക്കുന്ന എന്തുകാര്യം ചെയ്താലും ഡോപമിന്റെ അളവു കൂടും. അത് ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോഴാകാം, കൂട്ടുകാരുമായി യാത്ര ചെയ്യുമ്പോഴാകാം, ഒരു ഗെയിം കളിക്കുമ്പോഴുമാകാം. ഈയൊരു സന്തോഷമാണ് ഇത്തരം കളികളിലൂടെ ഉണ്ടാക്കുന്നതും.