ദില്ലി: തന്റെ വിവാഹം പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്നതാണെന്ന് തെളിയിക്കാന്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതിയില്‍ തെളിവാക്കി യുവതി. 19കാരിയായ രാജസ്ഥാന്‍ സ്വദേശിനി സുശില ബിഷ്‌നോയ് ആണ് 12ാം വയസില്‍ നടന്ന വിവാഹം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

തന്റെ വിവാഹം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാവാത്ത സമയത്ത് നടന്നതാണെന്നും അതിന് തെളിവായി 2010ല്‍ തന്റെ ഭര്‍ത്താവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ സ്വീകരിക്കണമെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി വിവാഹം റദ്ദ് ചെയ്തു. 

2010ല്‍ സുഷില ബിഷ്‌നോയിയുടെ വിവാഹം നടക്കുമ്പോള്‍ ഇരുവര്‍ക്കും 12 വയസായിരുന്നു. രഹസ്യമായി നടത്തിയ വിവാഹ ശേഷം ഇരുവരും അവരവരുടെ രക്ഷിതാക്കളുടെ സംരക്ഷണയില്‍ തന്നെ ജീവിച്ചു. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞതു മുതല്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നു. 

എന്നാല്‍ പോകാന്‍ തയ്യാറാകാതിരുന്ന സുഷില ബിഷ്‌നോയിയെ ബലം പ്രയോഗിച്ച് ഭര്‍ത്താവിന്റെ വീട്ടിലയക്കാന്‍ ശ്രമം നടന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി രക്ഷപ്പെട്ട് സാരഥി ട്രസ്റ്റ് ചാരിറ്റി എന്ന സ്ഥാപനത്തില്‍ അഭയം തേടിയത്. ശൈശവ വിവാഹങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സാരഥി. സംഘടനയുടെ പ്രവര്‍ത്തക കൃതി ഭാരതിയാണ് കോടതിയെ സമിപിക്കാന്‍ യുവതിയെ സഹായിച്ചത്.

വിവാഹ സമയത്ത് ഭര്‍ത്താവ് പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ വിശ്വാസ്യതയും കണക്കിലെടുത്താണ് വിവാഹം രദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. തനിക്ക് പഠിക്കണമെന്നും ഇപ്പോള്‍ വിവാഹിതനായ ആളോടൊപ്പം പോകുന്നത് ആത്മഹത്യാപരമാണെന്നും അതുകൊണ്ടാണ് കോടതിയെ സമീപിച്ചതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.