ക്വിസ് നടക്കുന്ന സമയത്ത് ഇവരുടെ മുഖത്ത് വന്ന ഭാവവ്യത്യാസങ്ങളാണ് പഠനത്തിന് വഴിത്തിരിവായത്. ഓരോ ചോദ്യങ്ങളോടും പെട്ടെന്നുള്ള പ്രതികരണമെങ്ങനെയെന്നായിരുന്നു വിച്ചല്‍ നിരീക്ഷിച്ചത്

സന്തോഷമായിരിക്കുമ്പോഴാണ് നമ്മുടെ മുഖത്ത് ചിരി വിടരുന്നതെന്നാണല്ലോ പൊതുവേയുള്ള വിശ്വാസം. എന്നാല്‍ ഈ വിശ്വാസത്തെ തുലാസില്‍ വച്ച് പഠനം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടില്‍ ഗവേഷണം നടത്തുന്ന ഡോ.ഹാരി വിച്ചല്‍. 

18നും 35നും ഇടയ്ക്ക് പ്രായമുള്ള 44 പേരെ ഉള്‍ക്കൊള്ളിച്ചാണ് വിച്ചല്‍ തന്റെ പഠനം നടത്തിയത്. ഇവരെ ഓരോരുത്തരെയും ഓരോ മുറിക്കുള്ളില്‍ ഒരു കമ്പ്യൂട്ടറും നല്‍കി ഇരുത്തി. തുടര്‍ന്ന് ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട 9 ചോദ്യങ്ങള്‍ ഓരോരുത്തര്‍ക്കും നല്‍കി. ചോദ്യങ്ങളോട് ഇവരെങ്ങനെ പ്രതികരിക്കുന്നുവെന്നറിയാന്‍ വീഡിയോ ക്യാമറകളില്‍ ഇവരുടെ മുഖം റെക്കോര്‍ഡ് ചെയ്തു. 

ക്വിസ് അവസാനിച്ച ശേഷം തങ്ങളുടെ അനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ ഇവര്‍ക്ക് അവസരവും കൊടുത്തു. ബോറടി, താല്‍പര്യമായിരുന്നു, അസ്വസ്ഥമായിരുന്നു- എന്ന് തുടങ്ങി 12 ഭാവങ്ങളിലുള്ള ഇമോജികള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ പ്രതികരണം രേഖപ്പെടുത്തിയത്. 

എന്നാല്‍ ക്വിസ് നടക്കുന്ന സമയത്ത് ഇവരുടെ മുഖത്ത് വന്ന ഭാവവ്യത്യാസങ്ങളാണ് പഠനത്തിന് വഴിത്തിരിവായത്. ഓരോ ചോദ്യങ്ങളോടും പെട്ടെന്നുള്ള പ്രതികരണമെങ്ങനെയെന്നായിരുന്നു വിച്ചല്‍ നിരീക്ഷിച്ചത്. ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരങ്ങള്‍ ശരിയാകുമ്പോഴും തെറ്റാകുമ്പോഴും ഇവര്‍ ചിരിച്ചു. പക്ഷേ ഏറ്റവുമധികം ചിരി കണ്ടത് ഉത്തരം തെറ്റിയവരില്‍ നിന്നായിരുന്നു. 

ഉത്തരം തെറ്റുന്നതില്‍ ആരും സന്തോഷപ്പെടില്ല. എന്നിട്ടും അവരാണ് കൂടുതല്‍ ചിരിച്ചത്. അതായത് സന്തോഷം മാത്രമല്ല ചിരിയെ നിയന്ത്രിക്കുന്നതെന്നാണ് ഈ ചെറുപഠനത്തിലൂടെ വിച്ചല്‍ സ്ഥാപിക്കുന്നത്. ചിരി എല്ലായ്‌പോഴും വിഷയാധിഷ്ഠിതവും വ്യക്തിപരവുമായിരിക്കുമത്രേ, ചിരിക്ക് ഒരു പൊതു മാനദണ്ഡം കണ്ടെത്തുക എളുപ്പമല്ലെന്നാണ് വിച്ചല്‍ പറയുന്നത്.