ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം കുമരകോട്ടം ക്ഷേത്രത്തിലെ തിങ്കളാഴ്ച പൂജ പ്രശസ്തമാണ്. എന്നാല്‍ ഇന്നലെ കുമരകോട്ട ക്ഷേത്രത്തിന് മുൻപിൽ ഭിക്ഷ യാചിക്കാനിരുന്ന വിദേശിയെ കണ്ട് ഭക്തർ അന്തം വിട്ടു. ഇന്ത്യയിലെ ക്ഷേത്രങ്ങൾ കാണാനെത്തിയ റഷ്യക്കാരൻ ഇവാഞ്ചലിൻ ആണ് യാചക വേഷത്തില്‍ അമ്പലത്തിന് മുന്‍പില്‍ നിന്നിരുന്നത്. കൈയ്യില്‍ ഒരു തൊപ്പിയും പിടിച്ച് പോകുന്നവരോടും വരുന്നവരോടും ഭിക്ഷ ചോദിയ്ക്കുകയാണ് ഈ റഷ്യക്കാരൻ.
ഇന്ത്യയിലെ ക്ഷേത്രങ്ങൾ കാണാനെത്തിയ ഇവാഞ്ചലിൻ എടിഎം കാർഡിന്‍റെ പിൻനമ്പര്‍ മറന്നുപോയതോടെയാണ് പണമില്ലാതെ നട്ടം തിരിഞ്ഞത്. തിങ്കളാഴ്ച ചെന്നൈയിലെത്തിയ ഇവാഞ്ചലിൻ പിറ്റേന്ന് തന്നെ ക്ഷേത്രങ്ങൾ കാണാനായി കാഞ്ചീപുരത്തേയ്ക്ക് പുറപ്പെട്ടു. രാവിലെ മുഴുവൻ കറങ്ങി നടന്ന ഇവാഞ്ചലിന്‍ പണമെടുക്കാൻ എടിഎമ്മിൽ കയറിയപ്പോൾ പിൻ നമ്പർ മറന്നുപോയി. മൂന്ന് തവണ നമ്പർ തെറ്റി അടിച്ചപ്പോള്‍ എടിഎം കാർഡ് ലോക്കായി.
പിന്നെ നാട്ടുകാരുടെ സഹായം തേടാതെ മറ്റുവഴികളില്ലായിരുന്നു ഇവാഞ്ചലിനു മുന്നില്‍. നാട്ടുകാർ വിവരമറിയിച്ചപ്പോൾ പൊലീസെത്തി ഇവാഞ്ചലിന്‍റെ യാത്രാരേഖകളൊക്കെ പരിശോധിച്ചു. എല്ലാം കൃത്യമാണെന്ന് മനസിലായതോടെ ഒടുവിൽ 500 രൂപയും നൽകി ഇവാഞ്ചലിനെ ചെന്നൈയിലെ റഷ്യൻ കോൺസുലേറ്റില്‍ എത്തിക്കുച്ചു. തുടര്‍ന്ന് നാട്ടിലേക്ക് പോകാനൊരുങ്ങുകയാണ് ഇവാഞ്ചലിന്‍. അതിനിടെ സാമൂഹ്യമാധ്യമങ്ങളിൽ ഇവാഞ്ചലിന്‍റെ ചിത്രം കണ്ട വിദേശ കാര്യ മന്ത്രാലയവും വിഷയത്തിലിടപെട്ടു. ഇവാഞ്ചലിൻ, നിങ്ങൾ ഇന്ത്യയിൽ സുരക്ഷിതനായിരിക്കും, ഉടനെ നിങ്ങളെ കോൺസുലേറ്റില്‍ എത്തിയ്ക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു.
