ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ മകനു പേരിട്ടു "മൽഹാർ ദിവ്യ ശബരീനാഥൻ" എന്നാണ് അരുവിക്കര എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്

തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലേക്ക് ചുവടുവച്ച് തുടങ്ങിയ കാലത്ത് കണ്ടുമുട്ടി പരിചയപ്പെട്ട ദിവ്യയെ കൂട്ടിന് വിളിക്കുകയാണെന്ന് ശബരീനാഥന്‍ ഫേസ്ബുക്കില്‍ കുറിച്ചത് മുതല്‍ എംഎല്‍എയുടെയും സബ് കളക്ടറുടെയും വിവാഹം വരെയുള്ള വിശേഷങ്ങളെല്ലാം വാര്‍ത്തയായി മാറിയിരുന്നു.

പിന്നീട് മാര്‍ച്ച് ഒമ്പതിന് ഇരുവര്‍ക്കും കുഞ്ഞ് പിറന്നപ്പോഴും വലിയ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇപ്പോള്‍ തങ്ങളുടെ കുഞ്ഞിന്‍റെ പേരും സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി അറിയിച്ചിരിക്കുകയാണ് ശബരീനാഥനും ദിവ്യയും. മൽഹാർ ദിവ്യ ശബരീനാഥൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഭൂമിയിൽ മഴയുടെ അനുഗ്രഹം വർഷിക്കുന്ന മൽഹാർ രാഗം നമ്മൾ ഇരുവർക്കും ഏറെ പ്രിയപ്പെട്ടതാണ്. പ്രാർത്ഥനയോടെ മകനു പേരിട്ടു "മൽഹാർ ദിവ്യ ശബരീനാഥൻ" എന്നാണ് അരുവിക്കര എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്. ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്‍റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്.

കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്‍റെയും മകളാണ് ദിവ്യ. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി എന്ന നിലയിലും ദിവ്യ ശ്രദ്ധ നേടിയിട്ടുണ്ട്.