സെക്കന്‍ഡറി സ്‌കൂള്‍ വരാന്തയില്‍ സ്ഥാപിച്ച സിസിടിവി ക്യാമറദൃശ്യങ്ങളില്‍ പ്രേതംപോലെ തോന്നിപ്പിക്കുന്ന അജ്ഞാത വസ്തുക്കളെ കണ്ടത് ഭീതിജനകമായി. അയര്‍ലന്‍ഡിലെ ഡീര്‍പാര്‍ക്ക് സിബിഎസ് സ്‌കൂളിലാണ് സംഭവം. അടച്ചിട്ട മുറിയിലെ കതകിന് മുന്നിലായാണ് ചില മിന്നലുകളും അജ്ഞാതമായ വസ്തുക്കളുടേതിന് സമാനമായ നിഴലുകള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്. ഇടയ്ക്കിടെ ഫ്ലാഷുകള്‍ മിന്നിമറയുകയും ചെയ്തു. കതകിന്റെ ലോക്ക് കുലുങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊടുന്നനെ കതക് തനിയെ തുറക്കുകയും, ചില പുസ്‌തകങ്ങളും പേപ്പറുകളും വരാന്തയിലേക്ക് വീഴുകയും ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങള്‍ കണ്ട എല്ലാവരും ഞെട്ടിപ്പോയത് ഈ സമയത്താണ്. ഇതിനുശേഷം തൊട്ടടുത്ത ശുചിമുറിയില്‍നിന്നുള്ള വെള്ളം വരാന്തയിലേക്ക് ഒഴുകി വന്നിട്ടുമുണ്ട്. ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്‌ച പുലര്‍ച്ചെ മൂന്നു മണിമുതലുള്ള ദൃശ്യങ്ങളിലാണ് പ്രേതസാന്നിദ്ധ്യം അനുഭവപ്പെടുന്നത്. ഈ സമയം സ്കൂള്‍ വരാന്തയിലൂടെ ആരെങ്കിലും നടക്കുന്നതായോ സാന്നിദ്ധ്യമുള്ളതായോ ഒരു സൂചനയുമില്ല.