പാമ്പുകള്‍ക്ക് പലപ്പോഴും ശത്രുതയുണ്ടെന്ന് പറയാറുണ്ട്. എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാണ് കോട്ടയം വാഴൂര്‍ സ്വദേശി അനിതകൃഷ്ണന്റെ കഥ. ഒന്നും രണ്ടും തവണയല്ല 56 തവണയാണ് അനിതയെ പാമ്പുകടിച്ചത്. ഒട്ടേറെ തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ അനിതയെ പാമ്പുകടിക്കാറുണ്ട്. വാഴൂര്‍ സ്‌കൂളില്‍ പത്താം ക്ലാസുവരെ പഠിക്കുന്ന സമയത്ത് നാല് തവണ പാമ്പ് കടിയേറ്റു. കാല്, കൈ,തല, മുഖം എന്നിങ്ങനെ കടിയേല്‍ക്കാത്ത ഭാഗങ്ങള്‍ കുറവാണ്. വീടനകത്തും പുറത്തും രാത്രിയെന്നോ പകലെന്നോയില്ലാത്ത അനിതയെ പാമ്പ് വേട്ടയാടും. അതും ഉഗ്രവിഷമുള്ള മൂര്‍ഖനും, അണലിയും, ശംഖുവരയനുമൊക്കെ തന്നെയാണ്. വിശേഷ ദിവസങ്ങളില്‍ പോലും നല്ല ആഹാരം കഴിക്കാന്‍ നാല്‍പതുകാരിയായ അനിതയ്ക്ക് കഴിയാതെ പാമ്പ് കടിയേറ്റ് കിടന്നിട്ടുണ്ട്.

ഒരിക്കല്‍ മൂര്‍ഖന്‍റെ കടിയേറ്റ് അനിത കുറുവിലങ്ങാട്ടെ വൈദ്യരുടെ അടുത്തെത്തി. അനിതയെ കണ്ടപ്പോള്‍ തന്നെ വൈദ്യര്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എങ്കിലും മരുന്ന് കൊടുത്തിട്ട് നന്നായി പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അനിത ജീവിതത്തിലേക്ക് തിരിച്ചു വന്നു. അതേസമയം വീട്ടിലെ ഒരു പശു ചത്തു.

ഒരിക്കല്‍ പുല്ലു ചെത്തുമ്പോള്‍ മൂര്‍ഖന്‍ തന്റെ അടുത്തു കൂടി പോവുന്നത് കണ്ടിരുന്നു. അല്പസമയത്തിന് ശേഷം അനിത തലകറങ്ങി വീണു അപ്പോഴാണ് അറിയുന്നത് മൂര്‍ഖന്റെ കടിയേറ്റിട്ടുണ്ടെന്ന്. സര്‍പ്പങ്ങള്‍ക്ക് തന്നോടുള്ള ശത്രുത അറിയാവുന്നതുകൊണ്ടു തന്നെ മണ്ണാര്‍ശാലയില്‍ സര്‍പ്പങ്ങള്‍ക്ക് വഴിപാട് നടത്താറുണ്ട്.

അതേസമയം വീട്ടിലെ മറ്റ് അംഗങ്ങളെല്ലാം സുരക്ഷിതരാണ്. അനിതയുടെ വീട്ടിലെ പശുവും പട്ടിയുമെല്ലാം പാമ്പു കടിയേറ്റ് ചത്തിട്ടുണ്ട്. പത്തു വര്‍ഷമായി കുറുവിലങ്ങാട് കാരയ്ക്കല്‍ മോഹനന്‍ വൈദ്യരുടെ ചികിത്സയാണ് അനിത തേടുന്നത്. 

അവിവാഹിതയായ അനിത മാതാപിതക്കള്‍ മരിച്ചതോടെ പതിനാല് വര്‍ഷമായി മരങ്ങാട്ടുപള്ളി വളക്കുഴി വള്ളിപ്പാംത്തോട്ടത്തില്‍ ധന്യാഭവനില്‍ ഗോപിനാഥന്റെയും ഭാര്യ ഓമനയുടയും സംരക്ഷണത്തിലാണ്. ഇവര്‍ സര്‍ക്കാര്‍ അംഗീകൃത ഫാമില്‍ 16 പശുക്കളെയും 22 ആടുകളെയും വളര്‍ത്തുന്നുണ്ട്. ഈ ഫാമിന്റെ മേല്‍നോട്ടക്കാരി അനിതയാണ്.