ശസ്​ത്രക്രിയക്ക്​ ശേഷം മുറിവുകൾ ഒട്ടിച്ചുചേർക്കുന്ന പശ വികസിപ്പിച്ചെടുത്തു. നിലവിൽ തുന്നിക്കെട്ടുന്നതും സ്​റ്റേപ്പിൾ ചെയ്യുകയും ചെയ്യുന്ന രീതിക്ക്​ പകരമാണ്​ ആസ്​ട്രേലിയൻ ശാസ്​ത്രജ്​ഞർ പശ വികസിപ്പിച്ചത്​. മിനിറ്റുകൾക്കകം മുറിവ്​ കൂടിച്ചേരുന്ന രീതിയിലാണ്​ പശയുടെ പ്രവർത്തനം. സിഡ്​നി സർവകലാശാലയിലെയും അമേരിക്കയിലെയും ബയോമെഡിക്കൽ രംഗത്തെ വിദഗ്​ദരാണ്​ മെട്രോ എന്ന പേരിൽ സർജിക്കൽ പശ വികസിപ്പിച്ചത്​.

മെട്രോയുടെ ഉയർന്ന ഇലാസ്​തിക സ്വഭാവം മുറിവ്​ ഉണക്കുന്നതിനും ആവശ്യാനുസരണം വീണ്ടും തുറക്കുന്നതിനും സഹായകമാണെന്നാണ്​ വിദഗ്​ദ സംഘം പറയുന്നത്​. ശരീരത്തിലെ ആന്തരിക മുറിവുകളിലും ഇതുപയോഗിക്കാനാകും. അൾട്രാവയലറ്റ്​ ലൈറ്റി​ന്‍റെ സഹായത്തോടെയാണ്​ പശ ശരീരത്തിൽ ഉപയോഗിക്കുക. പശ ഉപയോഗിച്ച്​ 60 സെക്കന്‍റ്​ കൊണ്ട്​ മുറിവ്​ കൂടിച്ചേരും. മുറിവ്​ ഉണങ്ങാൻ സഹായിക്കുന്ന എൻസൈമുകളിൽ ഭ്രംശം വരുത്തിയാണ്​ പശ ​പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നത്​.

ദ്രവ/ ജെൽ രൂപത്തിലുള്ള പശ പെട്ടെന്ന്​ കൂടിച്ചേരാൻ സഹായിക്കും. ഹൃദയപേശികളിലും ശ്വാസകോശത്തിലും ശസ്​ത്രക്രിയക്ക്​ വേണ്ടിയുണ്ടാക്കുന്ന മുറിവുകൾ തുന്നലോ സ്​റ്റേപ്പിളോ കൂടാതെ കൂ​ടിച്ചേരാനും ഇവ സഹായിക്കുന്നു. ഗവേഷണ ഫലം സയൻസ്​ ട്രാൻസ്​ലേഷണൽ മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. സിഡ്​നി സർവകലാശാല, ബോസ്​റ്റൺ നോർത്ത്​ ഇൗസ്​റ്റേൺ സർവകലാശാല എന്നിവിടങ്ങളിലെ ബയോമെഡിക്കൽ വിദഗ്​ദരാണ്​ ഹാർവാർഡ്​ സർവകലാശാലയുടെ സഹായത്തോടെ ഇൗ നേട്ടത്തിലെത്തിയത്​.