സംസ്ഥാന ആന്റിബയോട്ടിക് നയം ജനുവരിയില്‍ നിലവില്‍ വരും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സ്വാഭാവിക പ്രതിരോധ ശേഷി കുറയ്‌ക്കുന്നുവെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിക്കുന്നത് .
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം പല പ്രത്യാഘാതങ്ങളും സൃഷ്‌ടിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വാഭാവിക പ്രതിരോധശേഷി കുറയുന്നുണ്ട്. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളിലെ ആന്റിബയോട്ടിക് ഉപയോഗവും ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് ഒരു നയ രൂപീകരണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ നയം പ്രാബല്യത്തില്‍ വരും. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ വിവിധ വകുപ്പുകളില്‍ ഉപയോഗിക്കേണ്ട ആന്റിബയോട്ടിക്കുകള്‍ സംബന്ധിച്ച് ഇതിനോടകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആന്റിബയോട്ടിക് പ്രതിരോധം നേരിടാന്‍ ആരോഗ്യവകുപ്പ് നടപടികളും തുടങ്ങി. ആശുപത്രികളില്‍ നിന്ന് രോഗം പകരുന്നത് പരിശോധിക്കാന്‍ എല്ലാ ആശുപത്രികളിലും ആന്റി ഇന്‍ഫെക്ഷന്‍ സംഘങ്ങളെ നിയോഗിച്ചു. പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും തീരുമാനമായി. കോഴികര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പ്രത്യേകം ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനമനായി. ആന്റിബയോട്ടിക് നയ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
