സാധാരണ ശാരീരിക അവസ്ഥയിലേക്ക് ഒരു തിരിച്ച് പോക്കില്ലെന്ന് വൈദ്യശാസ്‌ത്രം വിധിയെഴുതിയ രോഗാവസ്ഥയാണ് പാര്‍ക്കിന്‍സണ്‍സ്. ഇന്ത്യയില്‍ മാത്രം 70 ലക്ഷം രോഗികളാണ് പാര്‍ക്കിന്‍സണ്‍സ് എന്ന രോഗത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നത്. തലച്ചോറിലെ ഡോപ്പോമിന്റെ അളവ് കുറയുന്നതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്.
ചെങ്ങന്നൂര്‍ കല്ലിശേരി ആക്കല്‍ വീട്ടില്‍ കേണല്‍ എ.ജി.എസ്.നായരുടെ മകനും റോയല്‍ മെല്‍ബണ്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജനുമായ ഡോ. ഗിരീഷ് നായരാണ് പാര്‍ക്കിന്‍സണ്‍സ് രോഗികളിലെ മൂലകോശ പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്. 

മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം പൂര്‍ണവിജയമായതിനു പിന്നാലെയാണു പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 12 രോഗികളില്‍ പരീക്ഷണം നടത്താന്‍ ഓസ്‍ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആറാഴ്ച മുന്‍പ് വിക്ടോറിയയിലെ 63 വയസുകാരന്റെ മസ്തിഷ്കത്തിലായിരുന്നു ആദ്യ കുത്തിവയ്പ്. പരീക്ഷണം വിജയിച്ചാല്‍, ആറു മാസത്തിനുള്ളില്‍ ചികിത്സയുടെ ഫലം കണ്ടു തുടങ്ങും. 2019ല്‍ മൂലകോശ ചികിത്സയുടെ പൂര്‍ണ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തു വര്‍ഷം മുന്‍പാണു ഡോ. ഗിരീഷ് നായര്‍ കേരളത്തില്‍ നിന്നു മെല്‍ബണിലെത്തിയത്. ഭാര്യ ശ്രീവിദ്യ ഓസ്‍ട്രേലിയയില്‍ ബിസിനസ് കണ്‍സല്‍റ്റന്റാണ്.