മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായ അല്ലെങ്കില്‍ കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത് ശരീരത്തിന് നല്ലതോ ചീത്തയോ എന്നതല്ല. ശീലമായി പോയി എന്നതാണ് സത്യം. എന്നാല്‍ കേട്ടോളൂ, കാപ്പി അത്ര നിസ്സാരക്കാരനല്ല. കാപ്പി കുടിച്ചാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാന്‍ കഴിയുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ദിവസേന നാല് കപ്പ് കോഫി കുടിക്കണമെന്നാണ് ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത്. സ്‌പെയിനിലെ നാവര ആശുപത്രി ഗവേഷകനായ അഡീല നാവരയാണ് ഇത്  കണ്ടെത്തിയത്.

ദിവസേന നാല് കപ്പ് കാപ്പി കുടിച്ചാല്‍ 64 ശതമാനം ശരീരത്തിനെ അലട്ടുന്ന രോഗങ്ങള്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാപ്പി കുടി ശീലമാക്കിയവര്‍ക്ക് ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക്, പ്രമേഹം, വൃക്ക രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ തടയാമെന്നും ഗവേഷകര്‍ സ്ഥിരീകരിച്ചു. 

കോഫിയില്‍ അടങ്ങിയിരിക്കുന്ന കാഫീന്‍ എന്ന പദാര്‍ത്ഥം ആയുസ്സ് കൂട്ടാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 37 വയസ്സിന് മുകളിലുള്ള 19,896 പേരിലാണ്  പരീക്ഷണം നടത്തിയത്. പത്ത് വര്‍ഷത്തെ ശ്രമത്തിന് ശേഷം ദിവസേന കാപ്പി കുടിക്കാത്ത 337 പേര്‍ മരണത്തിന് കീഴടങ്ങിയതായും ഇവര്‍ പറയുന്നു. ഇതിന്‍റെ ഫലം യൂറോപ്യന്‍ സൊസൈറ്റി കാര്‍ഡിയോളജി കോണ്‍ഗ്രസ് ബാഴ്‌സലോണയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ഇതേ ഗവേഷകര്‍ തന്നെ കാപ്പി കുടിച്ചാല്‍ മാനസിക സംഘര്‍ഷവും ആത്മഹത്യാ ശ്രമവും തടയുമെന്നും കണ്ടെത്തിയിരുന്നു.