ടെലിവിഷനില്‍ ഹോക്കി മല്‍സരം തല്‍സമയം കാണുന്നവര്‍ക്ക് ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയുണ്ടത്രെ. ഹോക്കി മല്‍സരം തല്‍സയം ടിവിയില്‍ കാണുന്നത് കാര്‍ഡിയോ വാസ്‌കുലാര്‍ സംവിധാനത്തെ തകരാറിലാക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. കനേഡിയന്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. മല്‍സരം തല്‍സമയം കാണുന്നവരില്‍ 75 ശതമാനം പേരിലും ഹൃദയസ്‌പന്ദനനിരക്ക് 110 ശതമാനം അധികമായി ഉയരുന്നുവെന്ന് പഠനം പറയുന്നു. കാനഡയിലെ മോണ്ടറിയല്‍ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ പോള്‍ ഖെയ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. കായികമല്‍സരങ്ങള്‍ തല്‍സമയം കാണുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്ന് നേരത്തെ ചില പഠനങ്ങളില്‍ വ്യക്തമായതാണ്. എന്നാല്‍ ഹോക്കിയുടെ കാര്യം പ്രത്യേകമായി പഠനവിധേയമാക്കിയത് ഇതാദ്യമാണ്. കടുത്ത മാനസിക പിരിമുറുക്കം ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനസംഘം വിലയിരുത്തി. ഹോക്കി മല്‍സരങ്ങളില്‍ ശക്തരായ എതിരാളികള്‍ തമ്മിലുള്ള പോരാട്ടത്തില്‍, പരസ്‌പരം ഗോളുകള്‍ അടിച്ചും തിരിച്ചടിച്ചും ഏറെ ഉദ്വേഗജനകമായിരിക്കും. ഇത് കാണുന്നവരില്‍ ഏറെ ആവേശമുണ്ടാക്കുമെങ്കിലും മാനസികപിരിമുറുക്കം കൂടുതലായിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.