ആദ്യ പ്രണയം പോലെ ജീവിതത്തിൽ മധുരതരമായ മറ്റൊന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ് ആദ്യ പ്രണയം. പിന്നീട് പ്രണയങ്ങള്‍ പലതുണ്ടായാലും, വിവാഹിതരായാലും ആദ്യ പ്രണയം എന്നും മനസിലുണ്ടാകും. എന്തുകൊണ്ടാണ് ആദ്യ പ്രണയം ഒരിക്കലും മറക്കാനാകാത്ത ഒന്നായി അവശേഷിക്കുന്നത്?

ആദ്യ പ്രണയത്തിന് ഇത്രയേറെ തീവ്രതയുണ്ടാകുന്നതിന് പ്രത്യേകിച്ച ഒരു കാരണവുമില്ലെന്ന് പറയാറുണ്ട്. മിക്കവാറും കൗമാരപ്രായത്തിലോ യൗവ്വനാരംഭത്തിലോ ആയിരിക്കും ആദ്യ പ്രണയം. ഇക്കാലത്ത് ആ പ്രണയത്തിന് വേണ്ടി സര്‍വ്വവും മറ്റിവെക്കുന്ന അവസ്ഥയിലായിരിക്കും. അത്രയേറെ മനസിൽ ആഴ്ന്നിറങ്ങിയ പ്രണയാനുഭവമായിരിക്കും അത്. ഈ തീവ്രതയാകാം ആദ്യ പ്രണയത്തിന് അവിസ്‌മരണീയതയേകുന്നത്.

ആദ്യ പ്രണയബന്ധം കൂടുതൽ വൈകാരികമായിരിക്കും. കമിതാവിനോടുള്ള ഇടപെടൽ, സംസാരം എല്ലാം അങ്ങേയറ്റം വൈകാരികമായിരിക്കും. ആദ്യമായി പ്രണയിക്കാൻ തുടങ്ങുമ്പോള്‍ ഹോര്‍മോണുകളുടെ ഉൽപാദനവും പ്രവര്‍ത്തനവും കൂടുതലായിരിക്കും. ഇത് പ്രണയിതാവിനോടു തോന്നുന്ന അടുപ്പം കൂടുതൽ ദൃഢമാകാൻ കാരണമാകും. ഇത് ആദ്യ പ്രണയം ഒരിക്കലും മറക്കാനാകാത്തതിന്റെ ശാസ്‌ത്രീയമായ കാരണമായി പറയാറുണ്ട്.