ഉറക്കക്കുറവ് ശാരീകമായും മാനസികമായും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണ്. പ്രക്ഷുബ്ധമായ മനസും അനിയന്ത്രിതമായ ചിന്തകളുമൊക്കെ ഉറക്കക്കുറവിന് കാരണമാകാറുണ്ട്. ഇവിടെയിതാ, ഒരു കനേഡിയന്‍ ശാസ്‌ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് മാനസികസമ്മര്‍ദ്ദം മൂലമുള്ള ഉറക്കക്കുറവ് പരിഹരിക്കുമത്രെ. കാനഡയിലെ സൈമണ്‍ ഫ്രേസര്‍ സര്‍വ്വകലാശാലയിലെ ലുക് ബ്യൂഡോയ്ന്‍ ആണ് സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. മൈ സ്ലീപ്പ് ബട്ടണ്‍ എന്നാണ് ഈ ആപ്പിന് നല്‍കിയിരിക്കുന്ന പേര്. ഉറക്കക്കുറവുമായി ബന്ധപ്പെട്ട് സര്‍വ്വകലാശാലയിലെ 154 വിദ്യാര്‍ത്ഥികളില്‍ നടത്തിയ സര്‍വ്വേ വിശകലനം ചെയ്‌താണ് ഉറക്കക്കുറവിന്റെ വലിയ കാരണങ്ങളിലൊന്ന് മാനസികസമ്മര്‍ദ്ദവും അനിയന്ത്രിത ചിന്തകളുമാണെന്ന നിഗമനത്തിലേക്ക് ബ്യൂഡോയ്ന്‍. ഉറങ്ങാന്‍ പോകുന്നതിന് 15 മിനിട്ട് മുമ്പാണ് ഈ മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടത്. പ്രോബ്ലം സോള്‍വിങ് രീതിയില്‍ അധിഷ്‌‌ഠിതമായ മാനസിക ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യുന്ന സീരിയല്‍ ഡൈവേഴ്‌സ് ഇമേജിങ് എന്ന സംവിധാനമാണ് ഈ മൊബൈല്‍ ആപ്പ് വഴി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അതായത്, മനസിലെ ആകുലതകള്‍, സ്വയം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളിലൂടെയും പസിലുകളിലൂടെയുമാണ് ഉറക്കക്കുറവ് മാറ്റിയെടുക്കുന്നത്. ഒരു വാക്കിലെ അക്ഷരങ്ങള്‍, ക്രമം തെറ്റിച്ചു നല്‍കുകയും, അത് ശരിയാക്കുന്നതിനുള്ള പസിലാണ് ഇതില്‍ മുഖ്യം. ഈ പസില്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതോടെ, മനസിലെ ആകുലതകള്‍, ഏറെക്കുറെ പരിഹരിക്കപ്പെടും. അതോടെ ഉറക്കം വരാതെയിരിക്കുന്ന അവസ്ഥ മാറുമെന്നും ബ്യൂഡോയ്ന്‍ ഉറപ്പ് പറയുന്നു...