ലോകത്തെ മരണനിരക്കിന് കരണമായ അസുഖങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണ് ഹൃദ്രോഗവും പ്രമേഹവും. ഈ അസുഖങ്ങള്‍ പിടിപെട്ടു ദിവസേന നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണശീലവും കാരണം ദിവസേന നൂറുകണക്കിന് ആളുകള്‍ക്ക് ഈ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു. പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ ഒരു ജ്യൂസിന് സാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ക്രാന്‍ബെറി പഴം ഉപയോഗിച്ചുള്ള ജ്യൂസിന് പ്രമേഹവും ഹൃദ്രോഗവും അകറ്റാന്‍ സാധിക്കുമെന്നാണ് ഓഷ്യന്‍ സ്പ്രേ റിസര്‍ച്ച് സയന്‍സസില്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. ദിവസേന രണ്ടു ഗ്ലാസ് ക്രാന്‍ബറി ജ്യൂസ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യത പത്തുശതമാനത്തില്‍ ഏറെ കുറവായിരിക്കുമെന്നാണ് പഠിതാക്കള്‍ പറയുന്നത്.

രക്തസമ്മര്‍ദ്ദത്തിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്‌ക്കാനും ശരിയായ തോതില്‍ നിയന്ത്രിക്കാനും ഈ ജ്യൂസിന് സാധിക്കുമെന്നാണ് പഠനറിപ്പോര്‍ട്ടിലുള്ളത്. ക്രാന്‍ബെറിയില്‍ അടങ്ങിയിട്ടുള്ള പോളി ഫിനോള്‍സാണ് രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. ആപ്പിള്‍, മുന്തിരി, ചെറി, ബ്ലൂബെറി എന്നിവയില്‍ അടങ്ങിയതിനേക്കാള്‍ കൂടുതല്‍ പോളി ഫിനോള്‍സ് ക്രാന്‍സ് ബെറിയില്‍ അടങ്ങിയിട്ടുണ്ട്.

പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ ഓഫ് ന്യുട്രീഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.