പ്രണയാഭ്യര്‍ത്ഥനയ്ക്കിടെ മൂവായിരം ഡോളറിന്റെ മോതിരം നഷ്ടമായ ദമ്പതിമാര്‍ ഇന്ന് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാണ്. ഇവര്‍ക്ക് ആശ്വാസമേകി പ്രശസ്ത ടിവി അവതാരകന്‍ ജിമ്മികിമ്മല്‍ എത്തി എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

പ്രണയാഭ്യര്‍ത്ഥന നടത്തുകയെന്നാല്‍ ഏതൊരാള്‍ക്കും ഒരല്‍പം നെഞ്ചിടിപ്പുള്ള കാര്യം തന്നെയാണ്. അതുതന്നെയാണ് അമേരിക്കക്കാരന്‍ സെത് ഡിക്‌സന്റെ കാര്യത്തിലും സംഭവിച്ചത്. പാഞ്ഞൊഴുകുന്ന പുഴയ്ക്കുമുകളിലെ പാലത്തിന് നടുവില്‍ നിന്ന് തികച്ചും കാല്‍പ്പനികമായ ഒരു പ്രണയാഭ്യര്‍ത്ഥന. അതിനുശേഷം കാമുകി റൂത് സെലസിനെ മോതിരമണിയിക്കുക. ഇതായിരുന്നു സെതിന്റെ മനസ്സിലുണ്ടായിരുന്നു പ്രണയപദ്ധതി. പക്ഷേ അന്നേരത്തെ പരവേശത്തില്‍ സംഗതി പാളി. റൂത് സെലസിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെങ്കിലും മറുപടി പറയുന്നതിന് മുമ്പ് 3000 ഡോളറിന്റെ മോതിരം കയ്യില്‍ നിന്ന് വഴുതി പുഴയില്‍ വീണു. ഇരുവരുടെയും സുഹൃത്തുക്കള്‍ പുഴയില്‍ മുങ്ങിത്തപ്പിയെങ്കിലും ഫലമുണ്ടായില്ല.

കന്‍സാസ് സിറ്റിയിലെ ഊബര്‍ ഡ്രൈവറായ സെതിന്റെ കയ്യില്‍ നിന്നും പ്രണയോപഹാരം നഷ്ടമായെങ്കിവും പക്ഷേ പ്രണയം നഷ്ടമായില്ല. റൂഥ് സെതിന്റെ ഇഷ്ടം അംഗീകരിക്കുകയും ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങുകയും ചെയ്തു. നാലു വര്‍ഷം മുമ്പ് ആ സെപ്റ്റംബര്‍ പതിനൊന്നിന് ഇരുവരുടെയും സുഹൃത്തുക്കളിലാരോ പകര്‍ത്തിയ ആ വീഡിയോ വൈറലായതോടെയാണ് ഈ പ്രണയകഥയിലേക്ക് അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മല്‍ കടന്നുവരുന്നത്. 20-20 എന്ന തന്റെ ഷോയില്‍ ദമ്പതികളെ അതിഥികളാക്കുക മാത്രമല്ല ചെയ്തത്. അന്ന് നഷ്ടമായ മോഡലില്‍ ഒരു പുതിയ മോതിരം വാങ്ങി നല്‍കി ആ പ്രണയരംഗം അതേപടി പുനരാവിഷ്‌ക്കരിച്ചു. കാഴ്ചക്കാരെ ഒരു നിമിഷം ഈറനണിയിക്കാന്‍ പോന്നവിധം പ്രണയാര്‍ദ്രമായിരുന്നു ആ പുനരാവിഷക്കരണവും.