മദ്യപാനം, പുകവലി എന്നിവയൊക്കെയാണ് പൊതുവെ നമ്മുക്ക് ഇടയിൽ കൂടുതലായി കാണപ്പെടുന്ന ദുശീലങ്ങള്‍.

 പലര്‍ക്കും പല തരത്തിലുളള ദുശീലങ്ങള്‍ ഉണ്ടാകാം. ചിലരുടെ ശീലങ്ങള്‍‌ ചിലര്‍ക്ക് ദുശീലങ്ങള്‍ ആയിരിക്കാം. ചിലര്‍ക്ക് മദ്യപാനം, പുകവലി എന്നിവയൊക്കെയായിരിക്കാം ദുശീലങ്ങള്‍. ദുശീലങ്ങള്‍ അവസാനിപ്പിക്കണമെന്ന് പലപ്പോഴും ആലോചിക്കുമെങ്കിലും അത്രയെളുപ്പം അത് സാധിക്കാറില്ല. ഇവിടെയിതാ, കൂടുതല്‍ പേരിലും കണ്ടുവരുന്ന അഞ്ച് ദുശീലങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്ന എളുപ്പവഴികളെക്കുറിച്ചാണ് പറയുന്നത്.

1. അമിത മദ്യപാനം

അമിതമായി മദ്യപിക്കുന്നത് ഗുരുതരമായ ക്യാൻസര്‍, ഹൃദ്രോഗം, കരള്‍രോഗം എന്നിവയ്‌ക്ക് കാരണമാകും. പെട്ടെന്നുണ്ടാകുന്ന ക്ഷീണം, അമിത രക്തസമ്മര്‍ദ്ദം, തലകറക്കം എന്നിവയ്‌ക്കും മദ്യപാനം കാരണമാകും.

പരിഹാരം- മദ്യപാനം ഒറ്റയടിക്ക് നിര്‍ത്താനാകില്ല. കുടി നിര്‍ത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ ആദ്യം മദ്യപിക്കുന്നതിന്റെ അളവ് കുറയ്‌ക്കുക. പതുക്കെ പതുക്കെ മദ്യത്തിന്റെ അളവ് കുറച്ചുകൊണ്ടുവരുന്നതിനൊപ്പം മദ്യപിക്കുന്നതിന് മുമ്പ് കൂടുതൽ വെള്ളം കുടിക്കാനും ശീലിക്കുക. മദ്യപിക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ ഗ്ലാസ് വെള്ളം കുടിക്കുക. മദ്യപാനത്തിനുശേഷവും പരമാവധി വെള്ളം കുടിക്കുക. മദ്യത്തിന്‍റെ അളവ് കുറയ്‌ക്കുന്നതിനൊപ്പം ശീതളപാനീയങ്ങളും കൂടുതലായി കഴിക്കുക.

2. പുകവലി

പുകവലി ക്യാൻസര്‍, ഹൃദ്രോഗം, ശ്വാസകോശരോഗം എന്നിവയ്‌ക്ക് കാരണമാകും. പുകവലി മൂലം ശ്വാസകോശം, വായ്, തൊണ്ട, വയര്‍, വൃക്ക, മൂത്രാശയം എന്നിവിടങ്ങളിൽ ക്യാൻസര്‍ വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും. വല്ലപ്പോഴുമുള്ള പുകവലിയും, പുകവലിക്കുന്നവരുടെ അടുത്ത് നിന്നുള്ള പാസീവ് സ്‌മോക്കിങും ഏറെ അപകടകരമാണ്.

പരിഹാരം- ശീലമാക്കിയവര്‍ക്ക് അത്ര പെട്ടെന്ന് മാറ്റാനാകാത്ത ഒന്നാണ് പുകവലി. പുകവലി മൂലമുള്ള ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നവരുമായുള്ള കൂടിക്കാഴ്ചകള്‍, ഈ ദുശീലം നിര്‍ത്താൻ പ്രേരകമാകും. അതുപോലെ പുകവലി നിര്‍ത്തിയ ആളുകളുമായി സംസാരിക്കുന്നതും നല്ലതാണ്.

3. ജങ്ക് ഫുഡ് ശീലം

ഇക്കാലത്ത് ക്യാൻസര്‍ പോലെയുള്ള രോഗങ്ങള്‍ കൂടുന്നതിനുള്ള മറ്റൊരു കാരണമാണ് ജങ്ക് ഫുഡ് ശീലം. പഫ്സ്, ബര്‍ഗര്‍, ഷവര്‍മ, സാൻഡ്‌വിച്ച് ഉള്‍പ്പടെയുള്ള ജങ്ക് ഫുഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. ധാരാളം പഞ്ചസാര, ഉപ്പ്, എണ്ണ, രാസവസ്തുക്കള്‍, സംസ്‌ക്കരിച്ച മാംസം എന്നിവ അടങ്ങിയിട്ടുള്ള ജങ്ക് ഫുഡ് രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും. ശീലമാക്കിയവര്‍ക്ക് ഇത് അത്ര പെട്ടെന്ന് നിര്‍ത്താനാകില്ല.

പരിഹാരം- ജങ്ക് ഫുഡ് നിര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ ആദ്യം, അതിന്റെ അളവ് കുറയ്‌ക്കുക. അതിനുശേഷം, ഫ്രൂട്ട്സ്- വെജിറ്റബിള്‍ സാലഡ്, ഓട്ട്‌സ് എന്നിവ ദിവസവും ശീലമാക്കുക. ജങ്ക് ഫുഡ് കഴിക്കാൻ തോന്നുമ്പോള്‍ സാലഡ് കഴിക്കുക. രുചികരമായ രീതിയിൽ ദിവസവും വ്യത്യസ്തതയാര്‍ന്ന സാലഡുകള്‍ തയ്യാറാക്കുന്നതും നല്ലതാണ്. ഇതുകൂടാതെ ജങ്ക് ഫുഡ് പാക്കറ്റിൽനിന്നോ കണ്ടെയ്നറിൽനിന്നോ നേരിട്ട് എടുത്ത് കഴിക്കാതെ, ചെറിയ പാത്രത്തിൽ അളവ് കുറച്ച് കഴിക്കാനും ശീലിക്കുക.

4. നഖംകടി

ചിലര്‍ ഒഴിച്ചുകൂടാനാകാത്ത മറ്റൊരു ദുശീലമാണ് നഖംകടിക്കുന്നത്. നഖം കടിക്കുന്നതുമൂലം, ധാരാളം അണുക്കള്‍ ശരീരത്തിലെത്തുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യും.

പരിഹാരം- നഖം വളര്‍ന്നുവരുമ്പോള്‍ വെട്ടിക്കളയുക. വിരലിൽ ധരിക്കുന്ന ഫേക്ക് നെയിൽ ഉപയോഗിക്കുക. മിക്കവരും ടെൻഷൻ വരുമ്പോഴാണ് നഖം കടിക്കുന്നത്. അതിനാൽ ടെൻഷനുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക. കൂടാതെ, അസഹനീയ ഗന്ധമുള്ള നെയിൽ പോളിഷ് ഉപയോഗിക്കുന്നതും നഖംകടി ഒഴിവാക്കാൻ സഹായിക്കും.

5. അമിത ഭക്ഷണം

അമിതമായി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, അമിതഭാരം, കുടവയര്‍, അമിത രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്ക് കാരണമാകും.

പരിഹാരം- ബ്രേക്ക്ഫാസ്റ്റ് ഒരിക്കലും മുടക്കാതിരിക്കുക. രാവിലത്തെ ഭക്ഷണം നന്നായി കഴിക്കുക. ഓരോ നാലു-അഞ്ചു മണിക്കൂര്‍ കൂടുമ്പോഴും വയര്‍ പൂര്‍ണമായും നിറയാതെ ഭക്ഷണം കഴിക്കുക.