ത്രീഡി സിനിമകളും ഷോകളുമൊക്കെ ധാരാളമായി വരുന്ന കാലമാണിത്. ത്രീഡി സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍, ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഒരു കണ്ണട കൂടി നമുക്ക് ലഭിക്കും. ത്രീഡി കണ്ണട ഉപയോഗിച്ച് ത്രീഡി സിനിമ കാണുന്നത് ശരിക്കും ആവേശകരമായ അനുഭവം തന്നെയാണ്. അടുത്തകാലത്ത് ജംഗിള്‍ബുക്ക് പോലെയുള്ള സിനിമകള്‍ ആവേശകരമായ അനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഇനി ആവശ്യമെങ്കില്‍ കാശു നല്‍കിയാല്‍ ആ കണ്ണട സ്വന്തമാക്കാനുമാകും. എന്നാല്‍ ത്രീഡി കണ്ണട തുടര്‍ച്ചയായി ധരിക്കുന്നതുമൂലം കണ്ണിന് എന്ത് സംഭവിക്കുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഇല്ല, അല്ലേ. എങ്കില്‍ പറഞ്ഞുതരാം,,, ത്രീഡി കണ്ണടകള്‍ തുടര്‍ച്ചയായി ഏറെ നേരം ധരിച്ചാല്‍ കണ്ണിന് അണുബാധയേല്‍ക്കും. കൂടാതെ കാഴ്‌ച സംബന്ധമായ പ്രശ്‌നവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേത്രരോഗ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ത്രീഡി കണ്ണട ഉപയോഗിച്ച് സിനിമ കാണുമ്പോള്‍ ചിലര്‍ക്ക് തലവേദന, മനംപുരട്ടല്‍, ഛര്‍ദ്ദി, തലചുറ്റല്‍ എന്നിവ അനുഭവപ്പെടുകയും ചെയ്യും. ത്രീഡി കണ്ണടകള്‍ സ്വന്തമായി വാങ്ങുന്നവര്‍ അത് ഇടയ്‌ക്കിടെ പൊടി കയറാതെ തുടച്ചു സൂക്ഷിക്കണം. അതുപോലെ ത്രീഡി സിനിമകളും മറ്റും കാണുവാന്‍ മാത്രമെ ഈ ത്രീഡി കണ്ണടകള്‍ ഉപയോഗിക്കാവുവെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ ത്രീഡി കണ്ണടകള്‍ തുടര്‍ച്ചയായി ധരിച്ചു സിനിമകള്‍ കാണാന്‍ പാടില്ല. ഇടയ്‌ക്കിടെ അത് ഊരുകയും, അല്‍പ്പനേരം കണ്ണുകള്‍ക്ക് വിശ്രമം നല്‍കുകയും വേണം. ത്രീഡി കണ്ണടകള്‍ ധരിച്ചു സിനിമ കാണുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടാല്‍, സിനിമ കാണുന്നത് ഒഴിവാക്കണം.