പവിത്രമായ പരിഗണനയോടെ കാണുന്ന ചെടിയാണ്​ തുളസി. ഒട്ടുമിക്ക ഇന്ത്യൻ വീടുകളിലും തുളസി സാന്നിധ്യമുണ്ട്​. വീടിൻ്റെ നടുമുറ്റത്ത്​ പ്രത്യേകം തറയൊരുക്കി പ്രാർഥനാപൂർവം സംരക്ഷിക്കുന്ന കുടുംബങ്ങളും ഏറെയാണ്​. മതപരമായ പ്രസക്​തിയുള്ളപ്പോൾ തന്നെ തുളസിക്ക്​ ഒൗഷധമൂല്യം ഏറെയാണ്​. ആയൂർവേദ വിധിപ്രകാരം പ്രകൃതിയിലെ ഏറ്റവും മികച്ച ആൻ്റിബയോട്ടിക്​സ്​ ആണ് തുളസി​. മനുഷ്യൻ്റെ ശ്വസനേന്ദ്രിയങ്ങൾക്ക്​ അനിവാര്യമായും വേണ്ട ഒായിൽ തുളസിയിൽ ഉണ്ടെന്നാണ്​ ആയൂർവേദ ഡോക്​ടർമാർ പറയുന്നത്​. വീട്ടിലെ ചികിത്സാരീതിയിലെ പ്രധാന ചേരുവയാണ്​ തുളസി. നെഞ്ചിലെ അസ്വസ്​ഥത, ചുമ, പനി ശമനത്തിനുള്ള ലായനി എന്നിവക്കെല്ലാം തുളസി സിദ്ധൗഷധമായാണ്​ വീട്ടിലെ മുതിർന്നവർ കണ്ടിരുന്നത്​. വെറുംവയറ്റിൽ രണ്ടോ മൂന്നോ തുളസിയില കഴിച്ച്​ ദിവസം തുടങ്ങുന്നവരും ഏറെയാണ്​. രക്​തം ശുദ്ധീകരിച്ചും ശരീരത്തിലേക്ക്​ വരുന്ന വിശാംഷങ്ങളെ പുറന്തള്ളാനുമുള്ള കഴിവ്​ തുളസിക്കുണ്ട്​.

തുളസിയില ചവച്ചിറക്കണോ വിഴുങ്ങണോ എന്നത് സംബന്ധിച്ച് ഇപ്പോഴും ഭിന്നാഭിപ്രായങ്ങളുണ്ട്.. വിഴുങ്ങുന്നതാണ് കൂടുതൽ ഫലപ്രദം എന്നാണ് പ്രബലമായ അഭിപ്രായം. മതപരമായ പശ്ചാതലത്തിൽ ചിലർ തുളസിയില ചവക്കുന്നത് അനാദരവാണെന്ന് വിശ്വസിക്കുന്നു. തുളസിച്ചെടിക്ക് മുമ്പിൽ പ്രാർഥനാപൂർവം നിൽക്കുകയും പരിപാവനമായി കാണുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇൗ വിശ്വാസം. ഹിന്ദു വിശ്വാസപ്രകാരം വിഷ്ണുവിൻ്റെ ഭാര്യയുടെ പേര് കൂടിയാണ് തുളസി. എന്നാൽ ഇതിനപ്പുറം തുളസിയില വിഴുങ്ങുന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കരുതുന്നവരുമുണ്ട്. 

മെർക്കുറിയുടെയും ഇരുമ്പിൻ്റെയും സാന്നിധ്യം:

തുളസി ഇലയിൽ ഉയർന്ന അളവിൽ മെർക്കുറി (രസം)യുടെയും ഇരുമ്പി​ൻ്റെയും അംശം അടങ്ങിയിട്ടുണ്ട്​. തുളസിയില ചവച്ചിറക്കരുതെന്ന്​ പറയാനുള്ള പ്രധാനകാരണം ഇതാണ്​. മെർക്കുറിയുടെയും ഇരുമ്പിൻ്റെയും സാന്നിധ്യം നമ്മുടെ പല്ലി​ൻ്റെ നാശത്തിനും നിറം നഷ്​ടപ്പെടുത്താനും കാരണമാകും. തുളസിയിലക്ക്​ ചെറിയ തോതിൽ അമ്ല (അസിഡിക്​)ഗുണമുണ്ട്​. എന്നാൽ നമ്മുടെ വായക്ക്​ നേർ വിപരീതമായ ക്ഷാര(അൽക്കലൈൻ) ഗുണവുമാണുള്ളത്​. ഇത്​ പല്ലി​ൻ്റെ ഇനാമലിനെ ദോഷമായി ബാധിക്കും. എന്നിരുന്നാലും വായയിലെ അൾസറിന്​ പലപ്പോഴും തുളസിയിലയിൽ നിന്ന്​ വേർതിരിച്ചെടുക്കുന്ന ജ്യൂസ്​ വീടുകളിലെ പ്രതിവിധിയായി ഉപയോഗിച്ചുവരാറുണ്ട്​. പക്ഷെ തുളസിയില വായിൽ ഇട്ടുചവക്കുന്നത്​ ഒഴിവാക്കണമെന്ന്​ തന്നെയാണ്​ വിദഗ്​ദാഭിപ്രായം. എന്നാൽ തുളസിയില ചവക്കുന്നത്​ പല്ലുകളുടെ നാശത്തിന്​ കാരണമാകുമെന്ന വാദത്തിന്​ ശാസ്​ത്രീയ അടിത്തറയില്ലെന്ന്​ പറയുന്നവരുമുണ്ട്​. ഭിന്നാഭിപ്രായങ്ങൾ ഉള്ള സാഹചര്യത്തിൽ ചവച്ചിറക്കുന്നതിന്​ പകരം വെള്ളത്തോടൊപ്പം വിഴുങ്ങാനാണ്​ നിർദേശിക്കാറുള്ളത്​.

എങ്ങനെയൊക്കെ ഉപയോഗിക്കാം?

തുളസിയിലയിട്ട ചായ കുടിക്കുന്നത്​ പല രോഗങ്ങളെയും തടയും. ഇതുവഴി ശരീരത്തി​ൻ്റെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും രോഗാണുക്കളോട്​ പൊരുതാനും പ്രാപ്​തമാക്കുകയും ചെയ്യും. മുഖക്കുരു പോലുള്ള ത്വക്ക്​ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കും. രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച്​ നിർത്താനും തുളസിയില സഹായിക്കുമെന്നാണ്​ വിശ്വാസം.