ബ്ലൂ വെയില്‍ എന്ന കൊലയാളി ഗെയിമിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളേറെയും. ഇപ്പോഴിതാ, കേരളത്തിലും ഒരു കൗമാരക്കാരന്‍ ആത്മഹത്യ ചെയ്‌തത് ബ്ലൂവെയില്‍ ഗെയിമിന് അടിപ്പെട്ടാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വായനക്കാര്‍ക്ക് ബ്ലൂവെയിലിനെക്കുറിച്ചുള്ള സംശയങ്ങള്‍ നിരവധിയാണ് അതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മനശാസ്‌ത്രവിഭാഗം മറുപടി നല്‍കുന്നു...

ബ്ലൂ വെയില്‍ ഗെയിമില്‍ കുട്ടികള്‍ എങ്ങനെ അകപ്പെടുന്നു?

സാഹസികത കാണിക്കാന്‍ ഏറ്റവുമധികം വെമ്പുന്ന പ്രായമാണ് ടീനേജ്. അത് ആത്മഹത്യ ചെയ്യിക്കുമോ? എന്നെ വഴി തെറ്റിക്കുമോ? എന്നാലതൊന്ന് കാണണമല്ലോ എന്ന ഒരു മാനസികാവസ്ഥയാണ് ഇത്തരം ഗെയിമുകളുടെ പിന്നാലെ കുട്ടികള്‍ പോകുന്നത്. തന്റെ സുഹൃത്തുക്കളുടെ ഇടയില്‍ ധീര പരിവേഷം കിട്ടുമെന്ന തോന്നലും അവരെ ഇത്തരം കളികളിലേക്കാകര്‍ഷിക്കുന്നു.

 ആരോഗ്യകരമായ മാനസിക നിലയിലുള്ളവരല്ല ഇത്തരം കുട്ടികള്‍. കുടുംബത്തിലെ സുരക്ഷിതത്വമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളിലെ കുറവ്, രക്ഷിതാക്കളുടെ അനാരോഗ്യകരമായ പരസ്‌പര ബന്ധം തുടങ്ങിയവയെല്ലാം സൈബര്‍ ലോകത്തെ പെരുമാറ്റദൂഷ്യത്തിനു കാരണമാകുന്നു. സൈബര്‍ ലോകത്ത് ഒരിക്കലും തിരിച്ചറിയപ്പെടില്ലെന്നും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നുമുള്ള അബദ്ധധാരണകളും ഈ വൈകൃതത്തിനു പിന്നിലുണ്ടാകും.