ദുബായ്: പതിനേഴു വര്‍ഷം മുമ്പ് കാണാതായ അനുജനെ സഹോദരി ഫേസ്ബുക്കിലൂടെ കണ്ടെത്തി. നാലാംവയസ്സില്‍ കോഴിക്കോട് നരിക്കുനിയില്‍ നിന്ന് കാണാതായ ഹനി ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുന്ന സഹോദരിക്കൊപ്പമുണ്ട്.

17 വര്‍ഷത്തിനുശേഷം സഹോദരനെ കണ്ടെത്താനായതിന്റെ സന്തോഷത്തിലാണ് സമീറ. നരിക്കുനിയിലെ നൂര്‍ജഹാനയ്ക്ക് സമീറയടക്കം മൂന്ന് പെണ്‍കുട്ടികളായിരുന്നു. ഭര്‍ത്താവ് മരിച്ചപ്പോള്‍ കോഴിക്കോട് ജോലിചെയ്യുകയായിരുന്ന സുഡാനിയായ നാഥിറിനെ രണ്ടാം വിവാഹം ചെയ്തു. അതിലുണ്ടായ കുട്ടിയാണ് ഹനി നാദിര്‍. നാലാം വയസ്സില്‍ നടക്കാവിലെ നഴ്‌സറിയില്‍ പോയ അനുജന്‍ പിന്നെ തിരിച്ചുവരുന്നത് ഇപ്പോഴാണ്. ഭാര്യയുമായുള്ള സൗന്ദര്യപിണക്കത്തെ തുടര്‍ന്ന് നാദിര്‍ മകനെയും കൂട്ടി രാജ്യം വിടുകയായിരുന്നു.

കോഴിക്കോടു നിന്നും സുഡാനിലെത്തിയ പിതാവ് നിരന്തരം പീഡിപ്പിച്ചതായി ഹനി പറയുന്നു. വിശക്കുമ്പോള്‍ ഭക്ഷണം പോലും നല്‍കാന്‍ കൂട്ടാക്കിയില്ല. ഈ സമയത്തെല്ലാം എങ്ങനെയെങ്കിലും ഉമ്മയെ കണ്ടെത്താനുള്ള വഴിയന്വേഷിക്കുകയായിരുന്നു.

ഉമ്മയുടെ പഴയ ഫോട്ടോയും വിവാഹ സര്‍ട്ടിഫിക്കറ്റും പിതാവിന്റെ പെട്ടിയില്‍ നിന്ന് കണ്ടെടുത്തു. ഇതുമായി സുഡാനിലെ മലയാളികളെ സമീപിച്ചു. അതിലൊരാള്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് സമീറയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത് കൈയ്യില്‍ അവശേഷിച്ചിരുന്ന സ്വര്‍ണത്തരിപോലും സഹോദര ബന്ധം തിരിച്ചു പിടിക്കാനായി സമീറയും സഹോദരിമാരും ചിലവിട്ടു. ഉപ്പയറിയാതെ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിച്ചു. വീഡിയോ കോളിലൂടെ മാത്രം കണ്ട ഉമ്മയെ നേരിട്ടുകാണാന്‍ കോഴിക്കോടേയ്‌ക്ക് പോകാനൊരുങ്ങുകയാണ് ഹനിയിപ്പോള്‍.