അന്ധവിശ്വാസത്തിന്റെ ഇരയാണ് അവള്‍. കുടുംബത്തിലെ ആപത്ത് മാറാന്‍ വിവാഹരാത്രിയില്‍ ഭര്‍ത്താവിനാലും വീട്ടുകാരാലും ക്രൂരമായി ബലാത്സംഗത്തിന് ഇരയാകേണ്ടി വന്ന യുവതിയുടെ ദയനീയ കഥ. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശാനുസരണമാണ് ക്രൂരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമൊപ്പം മന്ത്രവാദിയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനും ദീര്‍ഘായുസ് ഉണ്ടാകുന്നതിനുമാണ് ഇത് ചെയ്യുന്നതെന്ന് യുവതിയോട് ഭര്‍ത്താവിന്‍റെ സഹോദരിമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 15നായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹാപുര്‍ ജില്ലയിലെ ഒരു വസ്‌ത്രവ്യാപാരിയാണ് ലിസാരി ഗേറ്റ് സ്വദേശിനിയായ പെണ്‍കുട്ടിയെ നിക്കാഹ് ചെയ്‌തത്. വിവാഹദിവസം വീട്ടിലെ വിരുന്ന് സല്‍ക്കാരം കഴിഞ്ഞപ്പോഴാണ് മയക്കുമരുന്ന് ചേര്‍ത്ത ശീതളപാനീയം പെണ്‍കുട്ടിക്ക് നല്‍കിയത്. പാതിമയക്കത്തിലായ യുവതി, തന്റെ മുറിയിലേക്ക് ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും കയറുന്നത് കണ്ടെങ്കിലും പ്രതികരിക്കാനാകാത്ത അവസ്ഥയിലായിരുന്നു. മയങ്ങിപ്പോയ പെണ്‍കുട്ടിയെ ഭര്‍ത്താവും സഹോദരന്‍മാരും മന്ത്രവാദിയും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം രാവിലെ, ബോധം വീണപ്പോഴാണ് താന്‍ ബലാത്സംഗത്തിന് ഇരയായത് പെണ്‍കുട്ടിക്ക് മനസിലാകുന്നത്. ഭര്‍ത്താവിന്റെ ജീവന്‍ ആപത്തിലാണെന്നും, ആപത്ത് ഒഴിവാക്കുന്നതിനാണ് ഇത് ചെയ്തതെന്നും ഭര്‍തൃവീട്ടിലെ സ‌്ത്രീകള്‍ യുവതിയോട് പറഞ്ഞു. കൂടാതെ, ഇങ്ങനെ ചെയ്താല്‍, വന്‍ നിധി ലഭിക്കുമെന്നും മന്ത്രവാദി പറഞ്ഞത്രെ. ഉടന്‍തന്നെ അവിടംവിട്ട് സ്വന്തം വീട്ടിലെത്തിയ പെണ്‍കുട്ടി, പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.