പൂര്‍ണ ഏകാഗ്രതയോടെ, കണ്ണുകള്‍ അടച്ച് ശാന്തമായ മനസോടെ ഇരുന്നു കൊണ്ട് ചെയ്യേണ്ട ഒരു ആസനമാണ് വക്രാസനം. കാലുകള്‍ ചേര്‍ത്തുവെച്ചു കൈകള്‍ ഇരുവശങ്ങളില്‍ വെച്ച് നിവര്‍ന്നിരിക്കുക. 'സ്ഥിതി' എന്ന് പറയുന്ന ഈ പൊസിഷനില്‍ ഇരുന്നുകൊണ്ടാണ് വക്രാസനം ആരംഭിക്കുന്നത്.

ആദ്യമായ് വളരെ സാവധാനത്തില്‍ വലതുകാല്‍ മുകളിലേക്ക് ഉയര്‍ത്തി മുട്ടുമടക്കി ഇടതുകാല്‍മുട്ടിനോട് പാദം ചേര്‍ത്തുവെക്കുക. ശരീരം പതുക്കെ തിരിച്ച് ഇടതു കൈകൊണ്ടു വലതു പാദം പിടിക്കുക. ഈ സമയത്തു കൃത്യമായ ബോഡി ബാലന്‍സ് നിലനിര്‍ത്തുന്നതിനായി വലതു കൈ ശരീരത്തിന് പുറകില്‍ സപ്പോര്‍ട്ട് ചെയ്യണം. അതിനു ശേഷം ശരീരം പരമാവധി വലതു വശത്തേക്ക് തിരിഞ്ഞിരിക്കുക. ഈ പൊസിഷനില്‍ ഇരുന്നുകൊണ്ട് 10 മുതല്‍ 25 തവണ വരെ ദീര്‍ഘമായി ശ്വാസോച്ച്വസം ചെയ്യാം. അതിനു ശേഷം ശരീരം സാവധാനത്തില്‍ നേരെയുള്ള പൊസിഷനിലേക്കു തിരിച്ചു കൊണ്ടുവന്നതിനു ശേഷം ഇടതുഭാഗത്തേക്കും ഈ ആസനം ആവര്‍ത്തിക്കുക.

നടുവേദന, പുറംവേദന എന്നിവയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് വക്രാസനം. കൂടാതെ മാനസിക പിരിമുറുക്കം, രക്തകുഴല്‍ സംബന്ധിയായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ എന്നിവയുള്ളവര്‍ക്കും വക്രാസനം ക്രമമായി പരിശീലിക്കുന്നത് വളരെ നല്ലതാണ്.

ശരീരം നേരായ പൊസിഷനിലേക്കു തിരിച്ചു കൊണ്ട് വന്ന് ശ്വാസോച്ച്വസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയില്‍ എത്തിച്ചിട്ടുവേണം വക്രാസനം അവസാനിപ്പിക്കുന്നത്.