ന്യൂയോര്‍ക്ക്: മരണം സംഭവിച്ച് തൊട്ടടുത്ത നിമിഷം എന്ത് സംഭവിക്കും. ഇതേക്കുറിച്ച് ഏറെക്കാലമായി പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ മരിച്ച് കഴിഞ്ഞാലും ശരീരത്തിന് ബോധം നഷ്ടമാകില്ലെന്ന പുതിയ കണ്ടുപിടിത്തവുമായി ശാസ്ത്രജ്ഞര്‍. ന്യയോര്‍ക്ക് യൂണിവേഴ്സിറ്റി ലന്‍ഗോണ്‍ സ്കൂള്‍ ഓഫ് മെഡിസിനാണ് ഈ വിഷയത്തില്‍ പഠനം നടത്തിയിരിക്കുന്നത്. കാര്‍ഡിയാക്ക് അറസ്റ്റ് വന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മരണം സംഭവിക്കുന്നത് ഹൃദയമിടിപ്പ് നില്‍ക്കുമ്പോളാണ്. അതുകൊണ്ട് തന്നെ കാര്‍ഡിയാക്ക് അറസ്റ്റ് വന്ന വ്യക്തി സാങ്കേതികമായി മരണപ്പെടുകയാണ്. 

മരണം സംഭവിച്ച് കൊണ്ടിരിക്കുമ്പോഴും ഇത് ശരീരത്തിന് മനസിലാക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍. രോഗി മരിച്ചെന്ന ഡോക്ടറുടെ അറിയിപ്പ് പോലും മരണപ്പെട്ട വ്യക്തിക്ക് കേള്‍ക്കാന്‍ കഴിയുമെന്നും ഇവര്‍ അവകാശപ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്‍ഡിയാക്ക് അറസ്റ്റ് വന്നവര്‍ക്ക് ഡോക്ടര്‍മാരും നഴ്സുമാരും ജോലി ചെയ്യുന്നത് കാണാന്‍ കഴിയുന്നുണ്ടെന്നും ഇവരുടെ സംസാരം കേള്‍ക്കാന്‍ കഴിയുന്നുണ്ടെന്നും ഡോക്ടര്‍ സാം പാര്‍നിയ പറയുന്നു.