വളര്‍ത്തുമൃഗങ്ങളോട് പലപ്പോഴും വീട്ടുകാരോടുള്ളയത്ര തന്നെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പൂച്ചയോ പട്ടിയോ എന്തുമാകട്ടെ, നമ്മളെ ആശ്രയിച്ച് നമ്മളെ സ്‌നേഹിച്ച് കൂടെ നില്‍ക്കുന്ന ജീവന്‍ എന്ന പരിഗണന നമ്മള്‍ തീര്‍ച്ചയായും അവര്‍ക്ക് നല്‍കേണ്ടതുമാണ്. 

അത്രയും അടുപ്പമുള്ളൊരു ജീവി നമ്മളെ വിട്ടുപോയാലോ? തീരാത്ത ദുഖമായിരിക്കും, അല്ലേ. വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെടുമ്പോഴുള്ള വേദന പലരും പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലേക്കിതാ ശ്രദ്ധേയമായ ഒരു കുറിപ്പ് കൂടി. 

ബോളിവുഡ് നടന്‍ ടൈഗര്‍ ഷറഫാണ് ഹൃദയം തൊടുന്ന കുറിപ്പ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 17 വര്‍ഷമായി കൂടെയുണ്ടായിരുന്ന 'ജെ ഡി' എന്ന തന്റെ വളര്‍ത്തുപൂച്ചയുടെ വിയോഗത്തെ തുടര്‍ന്നാണ് നടന്റെ കുറിപ്പ്. 

'എന്റെ സഹോദരാ, നിന്നെ ദൈവം രക്ഷിക്കട്ടെ. 17 വര്‍ഷത്തെ സന്തോഷത്തിനും സ്‌നേഹത്തിനും നന്ദി. വരാനിരിക്കുന്ന ജന്മങ്ങളില്‍ നീ ഞങ്ങളുടെ അടുത്തേക്ക് തന്നെ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. എവിടെയാണ് നീയെങ്കിലും അവിടെ സന്തോഷത്തോടെയും ആരോഗ്യത്തോടെയുമിരിക്കുക. എപ്പോഴും കളിച്ചോണ്ടിരിക്കൂ. ഞാന്‍ നിന്നിലേക്കെത്തും വരെ നീ അങ്ങനെ തന്നെ തുടരുക. ഒരുപാടൊരുപാട് ഇഷ്ടം...'- ഇതായിരുന്നു ടൈഗര്‍ ഷറഫിന്റെ കുറിപ്പ്. 

 

 

ടൈഗറിന്റെ അമ്മ അയേഷയും സഹോദരി കൃഷ്ണയും 'ജെ ഡി'യുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. 

 

 

'എനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും സൗമ്യനും സ്‌നേഹമുള്ളവനും ആത്മാവ് കൊണ്ട് വിശുദ്ധനായവനും നീ ആണ്. ഈ ജന്മം ജീവിച്ചുതീര്‍ക്കാന്‍ ഞങ്ങളെ തെരഞ്ഞെടുത്തതിന് നന്ദി. എന്നും സ്‌നേഹം... കുഞ്ഞ് മാലാഖയ്ക്ക് ആദരാഞ്ജലികള്‍'- ഇതായിരുന്നു കൃഷ്ണ പങ്കുവച്ച വാക്കുകള്‍.