സദാസമയവും ഗൗരവം മുറ്റിനില്‍ക്കുന്ന മുഖം, ശബ്ദത്തിലും ചലനത്തിലും തികഞ്ഞ കാര്‍ക്കശ്യക്കാരന്‍. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുറിക്ക് പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ പ്രണവിന്റെ മനസിലും പിണറായി വിജയന്‍ എന്ന ജനനേതാവ് ഇങ്ങനെയെല്ലാം തന്നെയാണ് നിറഞ്ഞുനിന്നിരുന്നത്. 

അകത്ത് കയറിയാല്‍ മിനുറ്റുകള്‍ക്കുള്ളില്‍ കാര്യം പറഞ്ഞ്, കരുതിയിട്ടുള്ള ചെക്കും കൈമാറി പുറത്തിറങ്ങണം. അത്രയും വിലപിടിപ്പുള്ള സമയല്ലേ, പറ്റുമെങ്കി ഒരു ഫോട്ടോയും എടുക്കണം. ഈ വിചാരങ്ങള്‍ക്കിടയില്‍ അകത്തേക്ക് വിളിച്ചു. പിന്നീടുണ്ടായ പത്ത് മിനുറ്റ് നേരം കൊണ്ട് മനസിലുണ്ടായിരുന്ന മനുഷ്യന്‍ ഉടഞ്ഞുവീണ്- പകരം പുതിയൊരു മനുഷ്യന്‍ ഉയിര്‍ത്തെണീറ്റു.. 

ആ കൂടിക്കാഴ്ചയുടെ അനുഭവത്തിലേക്ക് കടക്കും മുമ്പ്, അറിയാത്തവര്‍ക്കായി പ്രണവിനെ ഒന്നുകൂടി പരിചയപ്പെടുത്താം. ഇന്ന് രാവിലെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഒരനുഭവം പങ്കുവച്ചിരുന്നു. ജന്മദിനത്തില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനെത്തിയ ഭിന്നശേഷിക്കാരനെ കുറിച്ചായിരുന്നു പിണറായിയുടെ ആ കുറിപ്പ്. 

ജന്മനാ ഇരുകൈകളും ഇല്ലാത്ത ആലത്തൂരുകാരനായ പ്രണവ്. എം. സുബ്രഹ്മണ്യനായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പിലെ താരം. ചിത്രകാരനും ഗായകനുമായ പ്രണവ് ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും ലഭിച്ച പണമാണ് പ്രണവ് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഹൃദയസ്പര്‍ശിയായ അനുഭവമെന്ന് പറഞ്ഞുതുടങ്ങുന്ന, ചിത്രങ്ങള്‍ സഹിതമുള്ള പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. 

ഇപ്പോള്‍ ആകെ ത്രില്ലിലാണ് പ്രണവ്. മുഖ്യമന്ത്രിയുടെ വാക്കുകളിലൂടെ ജനം തന്നെ അറിഞ്ഞതും, അംഗീകരിക്കുന്നതും കയ്യടിക്കുന്നതുമൊക്കെ പ്രണവിന് സന്തോഷം തന്നെ. പക്ഷേ അതിനെക്കാളേറെ പ്രണവ്, സന്തോഷിക്കുന്നത് പിണറായിയുമൊത്തുള്ള ആ കൂടിക്കാഴ്ചയിലാണ്. 

അകത്തേക്ക് കയറുമ്പോള്‍ രണ്ടോ മൂന്നോ മിനുറ്റ് മാത്രം നീളുന്ന ചെറിയൊരു കൂടിക്കാഴ്ചയെന്നേ പ്രണവ് ഓര്‍ത്തുള്ളൂ. അതിലധികം ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അകത്തേക്ക് കയറിയപ്പോള്‍ നടന്നത് മറിച്ചായിരുന്നു. അടുത്ത് കസേരയിട്ടിരുത്തി, പത്ത് മിനുറ്റോളം അദ്ദേഹം നിര്‍ത്താതെ സംസാരിച്ചു. 

 

 

'ഞങ്ങള് കേറിച്ചെല്ലുമ്പോ തന്നെ അദ്ദേഹം ഭയങ്കര ചിരിയാരുന്നു. ചിരിച്ചോണ്ടാണ് ഞങ്ങളെ സ്വീകരിച്ചതൊക്കെ. എന്നിട്ട് അടുത്തന്നെ കസേരയിട്ട് അതിലിരിക്കാന്‍ പറഞ്ഞു. ഞാന്‍ ചെന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞു. എന്റെ കയ്യിലുള്ള തുകയോണ്ട് ഒന്നും ആകില്ലെന്നറിയാം, എന്ന് പറഞ്ഞപ്പോ, അദ്ദേഹം എന്നെ തിരുത്തി. ഒരുപാട് മൂല്യമുണ്ട് പ്രണവ് തരുന്ന ഈ തുകയ്ക്ക് എന്നദ്ദേഹം പറഞ്ഞു... 

...ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ നേരത്ത്.... ഷേക്ക് ഹാന്‍ഡല്ല, എനിക്ക് ഷേക്ക് ലെഗ് ആണല്ലോ... അങ്ങനെ ഞാനദ്ദേഹത്തിന് നേരെ കാല്‍ നീട്ടി. അദ്ദേഹം എന്റെ കാലില്‍ തൊട്ടു. ഒരു സ്പാര്‍ക്കായിരുന്നു അന്നേരം ഉള്ളില്... ആ സ്പാര്‍ക്ക് ഇപ്പഴും എന്റെ ശരീരത്തില്‍ നിക്കുന്ന പോലെ തോന്നുന്നു. ചെലപ്പോ, നിങ്ങളൊക്കെ പറയണ, ആ ഫോട്ടോയ്ക്കുള്ള പ്രത്യേകത ഇതുതന്നെ ആകും കെട്ടോ... 

ഭിന്നശേഷിക്കാര്‍ക്ക് ഈ സര്‍ക്കാര്‍ താങ്ങാകുമെന്ന് നൂറ് ശതമാനവും ഞാന്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, ആ വിശ്വാസത്തെ അദ്ദേഹം ഉറപ്പിച്ചോളാന്‍ പറഞ്ഞു. ആ വാക്കുകള്‍ ചെറുതല്ലാത്ത ആത്മവിശ്വാസമാണ് എനിക്ക് തന്നത്. 

 

 

...പിന്നെ സെല്‍ഫിയെടുക്കാമോ എന്ന് ചോദിച്ചു. സമ്മതം തന്നപ്പോള്‍ ഫോണുമായി അടുത്തേക്ക് നീങ്ങിനിന്നു, ചിരിക്ക്യോന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖത്തൊരു ചിരിയങ്ങോട്ട് നിറഞ്ഞു. എന്റെ ഭാഗ്യം കൊണ്ട് ആ ചിരി ക്ലിക്കായി. ആ സെല്‍ഫിയെടുക്കുന്ന എന്റെ ചിത്രമാണ് അദ്ദേഹം ഷെയര്‍ ചെയ്തത്. ആ സെല്‍ഫി എന്റെ കയ്യിലുണ്ട്. ആകെ മൊത്തം അദ്ദേഹത്തെ പറ്റിയുള്ള കാഴ്ചപ്പാട് തന്നെ മാറി, പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്..'- പ്രണവ് പറയുന്നു. 

ബികോം ബിരുദധാരിയാണ് പ്രണവ്. സംഗീതവും വരയുമൊക്കെ ജീവനുള്ള കാലം വരെ കൊണ്ടുനടക്കണമെന്നുണ്ട് പ്രണവിന്. പക്ഷേ ഇപ്പോള്‍ വേണ്ടതൊരു ജോലിയാണ്. വീട്ടിലെ അവസ്ഥകളൊക്കെ അല്‍പം മോശമാണ്. അച്ഛന്‍ സുബ്രഹ്മണ്യന് മരപ്പണിയാണ്. അമ്മ സ്വര്‍ണകുമാരി വീട്ടമ്മയാണ്. സഹോദരനും ജോലിക്കായുള്ള പരക്കം പാച്ചിലിലാണ്. ഒരു സര്‍ക്കാര്‍ ജോലിയാണ് പ്രണവിന് മോഹം. പിഎസ്എസ് ശ്രമങ്ങള്‍ തുടരുന്നുണ്ട്. സ്വപ്‌നങ്ങളും പ്രതീക്ഷകളും മനസില്‍ നിറച്ച്, പ്രണവ് കാത്തിരിക്കുന്നുണ്ട് അതിമനോഹരമായ ഒരു ജീവിതത്തെ...