ഇന്ന് മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബോഡി ഷെയ്മിങ്. തടി കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ഉയരം കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ശരീര ഭാഗങ്ങളുടെ പേരില്‍ അങ്ങനെ പലവിധത്തില്‍ ബോഡി ഷെയ്മിങ് നേരിടുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. കളിയാക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വെറും തമാശയാണ്.

പക്ഷേ അത് കേള്‍ക്കുന്നവരുടെ ഉള്ളില്‍ വളരെയേറെ വേദനയുണ്ടാക്കുന്നുണ്ട്. അത് അവരുടെ ആത്മവിശ്വാസത്തെയും ജീവിതത്തെയും തന്നെ ദോഷകരമായി ബാധിക്കുന്നു. സൗന്ദ്യര്യത്തിന്റെ അളവുകോലില്‍ നല്ലവരെന്ന് ചിന്തിക്കുന്നവര്‍ പോലും പലപ്പോഴും കളിയാക്കലുകള്‍ക്ക് വിധേയരാകാറുണ്ട്. അതിനു ശേഷം അതിനെ കുറിച്ച് ചിന്തിച്ച് അവരും ആകുലരാകാറുണ്ട്.

 വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കല്‍ വരെ, ചുറ്റുപാടും നിന്നും പല തലത്തിലുള്ള പ്രതികൂല പ്രതികരണങ്ങള്‍ക്കു വിധേയരാവാറുണ്ട് ഇന്ന് നമ്മില്‍ പലരും. അതെല്ലാം ചിലരുടെയെങ്കിലും മനസ്സില്‍ അവശേഷിപ്പിക്കുന്നത് വലിയ മുറിവുകളാണ്. ഡോ. ഷിംന അസീസ് തന്റെ കുറിപ്പില്‍ പറയുന്നതും അവരെക്കുറിച്ചാണ്. ''ഇട്ട ഡ്രസും അതിനകത്തെ അവയവങ്ങളുമല്ല, ഇതിനെല്ലാമുള്ളിലുള്ള നമുക്കാണ് വില, നമുക്ക് മാത്രമാണ് വില.''- കുറിപ്പില്‍ പറയുന്നു.

ഡോ. ഷിംനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം...

നന്നായി ഒരുങ്ങിയവരെ കാണാൻ ഇഷ്‌ടമാണെന്നല്ലാതെ, പൊതുപരിപാടികൾക്കൊഴിച്ച്‌ ഒരുങ്ങാൻ മടിയുള്ളൊരാളാണ്. ചിലപ്പോ ന്യൂസ്‌ ക്യാമറക്ക്‌ മുന്നിൽ വരെ കൈയിൽ കിട്ടിയ കോട്ടൻ ചുരിദാറെടുത്തിട്ട്‌ പോയിരിക്കാറുണ്ട്‌. ലളിതേം വിനയയുമൊന്നും ആയിട്ടൊന്നുമല്ല, കംഫർട്ട്‌ അതായത്‌ കൊണ്ടും, അതേക്കുറിച്ച്‌ വല്ലോരും ചീത്ത അഭിപ്രായം പറഞ്ഞാലും അതൊന്നും മനസ്സിലേക്കെടുക്കാത്തത്‌ കൊണ്ടുമാണ്‌.  ജഡ്‌ജ്‌ ചെയ്യുന്നോർടെ കൈയിൽ ധാരാളം ഫ്രീടൈം സമം അപകർഷതാബോധം ഉണ്ടെന്നങ്ങ്‌ കരുതും. അവര്‌ പറഞ്ഞ്‌ തുലക്കട്ടെ.

ഇതിനൊരു മറുവശമുണ്ട്‌. പലരും ഇത്തരം പരാമർശങ്ങൾ കേൾക്കുമ്പോൾ വല്ലാതെ പതറിപ്പോവുന്നവരാണ്. ശരീരത്തിന്റെ അളവുകൾ വരെ പറഞ്ഞ്‌ കളിയാക്കി ഒരുപാട്‌ സാധു മനുഷ്യരുടെ സമാധാനവും സ്വൈര്യജീവിതവും വരെ ഊറ്റി കളയുന്ന മുഞ്ഞകളാൽ ജീവിതം കോഞ്ഞാട്ടയായവർ.

മാറിടത്തിന്റെ വലിപ്പം മുതൽ മൂക്കിന്റെ വളവ്‌ വരെ ചർച്ച ചെയ്‌ത്‌ വെറുപ്പിച്ച്‌ കൈയിൽ തരും. പലർക്കും ഇത്‌ പറഞ്ഞൊരു കൂട്ടച്ചിരി പാസാക്കി നേരമ്പോക്ക്‌  മട്ടാണെങ്കിൽ, അതിന്‌ ഇരയാകുന്ന ആൾ ചിലപ്പോൾ ആഴ്‌ചകളോളം ഉറങ്ങാനാവാത്ത വിധം മുറിവേറ്റിട്ടുണ്ടാകും. യൂട്യൂബിലെ ഞൊടുക്കുവിദ്യകൾ തൊട്ട്‌ പ്ലാസ്‌റ്റിക്‌ സർജറി വരെ പ്ലാൻ ചെയ്യും. അപ്പോഴും തലച്ചോറിലെ വിധേയത്വവും വിഷമവും മറുത്തൊരു മറുപടിയോ നോട്ടമോ പോലും നൽകാൻ പക്വമായിക്കാണില്ല. ഒറ്റത്തവണ തീർപ്പാക്കൽ മറുപടി ഇത്തരം സാഹചര്യങ്ങളിൽ ഏറെ ഉചിതമാണ്‌ എന്ന്‌ പറയാതെ വയ്യ.

ഇതിലും വേദനിപ്പിക്കുന്നതാണ്‌ കുട്ടികളുടെ വസ്‌ത്രധാരണത്തെക്കുറിച്ചുള്ള കമന്റുകൾ. ഒരു തരത്തിലും കുഞ്ഞുങ്ങളുടെ സൗകര്യത്തിനപ്പുറം ഷോ കാണിക്കാൻ വേണ്ടി ഉടുത്തൊരുക്കാൻ ഇഷ്‌ടമില്ലാത്ത രക്ഷിതാക്കൾ നേരിടുന്ന ഏറ്റവും വലിയ തലവേദനകളിലൊന്നാണ്‌ ഈ ജഡ്‌ജിംഗ്‌ കമ്മറ്റി. സ്വന്തം പോക്കറ്റിന്റെ അവസ്‌ഥയുടെ പ്രതിഫലനമാണ്‌ കുട്ടികളെ കോലം കെട്ടിക്കൽ എന്നാണല്ലോ പൊതുബോധം. കല്യാണങ്ങൾക്ക്‌ ഹാളിൽ ഷെർവാനിയും ലഹംഗയുമൊക്കെ ഇടീച്ച്‌ നിർത്തി വിയർത്ത്‌ നെലോളിക്കുന്ന കുട്ടികളെ കാണാറില്ലേ? പ്രധാന ചടങ്ങിന്റെ ഒരിത്തിരി നേരം മാത്രമായി ഈ പീഡനം ചുരുക്കിയാലും സാരമില്ലായിരുന്നു... ഇതിപ്പോ !!

സമൂഹത്തിന്റെ സർട്ടിഫിക്കറ്റ് നേടാൻ വേണ്ടി എടങ്ങേറാവൽ എന്ന്‌ നമ്മൾ നിർത്തുന്നോ ആ സെക്കന്റ്‌ തൊട്ട്‌ നമ്മൾ രക്ഷപ്പെട്ടു എന്ന്‌ കരുതാം. അല്ലാതെ പൊങ്ങച്ച ആന്റിമാരും പരദൂഷണ അങ്കിൾമാരും ആത്മാവിന്റെ പച്ചയിറച്ചി തിന്നുന്ന ട്രോളൻമാരും മിണ്ടാതിരുന്നിട്ട്‌ നിങ്ങളാരും മനസ്സമാധാനത്തോടെ ജീവിക്കൂല.

ഇത്‌ പറയുന്നത്‌ ഇതനുഭവിക്കുന്ന എല്ലാവരോടുമാണ്‌. ആരുടെയും ചിലവിലല്ല നിങ്ങൾ ജീവിക്കുന്നത്‌, അവർ വേദനിപ്പിക്കാൻ ശ്രമിച്ചിട്ട്‌ മുഖം വാടിയാൽ അതും ആ സാഡിസ്‌റ്റ്‌ കമ്മറ്റിയുടെ വിജയമാണ്‌.

പോയി പണി നോക്കാൻ മനസ്സിലെങ്കിലും പറയുക. ആ പിന്നേ, ഈ ചിന്തകൾ വല്ലാതെ മനസ്സിനെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ നിങ്ങളും ഇഷ്‌ടമുള്ള വല്ലതുമൊക്കെ എക്‌സ്‌ട്രാ ചെയ്യുക. എന്റോഫ്‌ ദ ഡേ, ഇട്ട ഡ്രസും അതിനകത്തെ അവയവങ്ങളുമല്ല, ഇതിനെല്ലാമുള്ളിലുള്ള നമുക്കാണ്‌ വില.
നമുക്ക്‌ മാത്രമാണ്‌ വില.

സ്‌നേഹം,
Dr. Shimna Azeez

ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല സഹായിക്കുമോ?