കൊവിഡ് 19 വ്യാപിച്ചതോടെ പലയിടങ്ങളിലും ഏറ്റവും അധികം ക്ഷാമം വന്നിട്ടുള്ളത് മാസ്ക്കുകള്‍ക്കാണ്. വീട്ടില്‍ ഇരുന്ന് മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ ഭരണാധികാരികള്‍ തന്നെ പറയുന്ന സാഹചര്യമാണ് ഇപ്പോള്‍. മാസ്ക്കും സാനിറ്റൈസറുമൊക്കെ വീട്ടില്‍ ഇരുന്ന് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍  വ്യത്യസ്ഥമായി എങ്ങനെ മാസ്ക് ഉണ്ടാക്കാം എന്നൊരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഇത് ഇങ്ങനെ വ്യത്യസ്ഥമാകുന്നു എന്നു ചോദിച്ചാല്‍ പഴയ ടീഷര്‍ട്ട് ഉപയോഗിച്ച് തയ്യല്‍ മെഷീന്റെ സഹായമില്ലാതെ തന്നെ എങ്ങനെ മാസ്‌ക് ഉണ്ടാക്കാം എന്നതാണ് ഈ  പോസ്റ്റില്‍ പറയുന്നത്. ലീ സോവാ ക്ലേപൂള്‍ എന്ന പെണ്‍കുട്ടിയാണ് ട്വിറ്ററിലൂടെ എളുപ്പത്തില്‍ മാസ്‌ക് ഉണ്ടാക്കാനുള്ള വഴി പറഞ്ഞുതരുന്നത്. 

കോട്ടണ്‍-പോളിസ്റ്റര്‍ മിക്‌സ് ടീഷര്‍ട്ട്, നൂലും സൂചിയും എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. 
 

തയ്യാറാക്കുന്ന രീതി


ആദ്യം ടീഷര്‍ട്ട് എടുത്തതിന് ശേഷം അതിന്‍റെ ഇരു സ്ലീവുകളും മുറിച്ചു നീക്കുക. ഇത് മാസ്‌ക്കിന്റെ മുന്‍ഭാഗത്തിനായാണ്. ഇനി ടീഷര്‍ട്ടിന്റെ താഴെ ഹെം ചെയ്ത ഭാഗവും കൈക്കുഴിയുടെ ഭാഗവും മുറിച്ചെടുക്കുക. ഇത് തുല്യ അളവിലായിരിക്കണം, മാസ്‌കിന്റെ സ്ട്രാപ്പിനായാണ് ഇത്.

ഇനി സ്ലീവുകള്‍ രണ്ടും ചേര്‍ത്തു വച്ച് തുന്നുക. ബോട്ടം ഹെം ഭാഗം മാസ്‌ക്കിന്റെ താഴെ ഇരുവശങ്ങളിലും സ്ട്രാപ് ആയി തുന്നുക. കൈക്കുഴിയില്‍ നിന്നെടുത്ത ഭാഗം മാസ്‌ക്കിന്റെ മുകള്‍ ഭാഗത്ത് സ്ട്രാപ്പ് ആയി തുന്നുക. സ്ലീവിന്റെ തുറന്നിരിക്കുന്ന ഭാഗങ്ങള്‍ ചേര്‍ത്തു തുന്നുക. ഇനി വച്ചുനോക്കിയതിനുശേഷം ആവശ്യാനുസരണം സ്ട്രാപ്പിന്റെ നീളം കുറയ്ക്കാം.