മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തും.

മഞ്ഞുകാലത്ത് ഇത്തരത്തില്‍ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ചുണ്ടിന്‍റെ സംരക്ഷണത്തിനും ഇതാ ചില പൊടിക്കൈകള്‍...

ഒന്ന്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ വെളിച്ചെണ്ണയില്‍ ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് വരള്‍ച്ച മാറ്റാന്‍ സഹായിക്കും. 

രണ്ട്...

തേനാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രി കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. 

മൂന്ന്...

ചുണ്ടിലെ വരൾച്ച മാറ്റാൻ മികച്ചതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം ചുണ്ടില്‍ നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കും.

നാല്...

വെളിച്ചെണ്ണയാണ് അടുത്ത പ്രതിവിധി. രാത്രി ഉറങ്ങുന്നതിന് മുമ്പ് അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. 

അഞ്ച്...

ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേർത്ത് ചുണ്ടിൽ പുരട്ടുന്നത് നല്ലതാണ്. ഇത് വരൾച്ച തടയാന്‍ സഹായിക്കും. 

ആറ്...

ചുണ്ടിൽ നാരങ്ങാ നീര് പുരട്ടുന്നത് ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും ഗുണം ചെയ്യും. 

Also Read: വിണ്ടുകീറിയ പാദങ്ങളാണോ? കിടിലനൊരു പ്രതിവിധി ഇതാ...