കാണുമ്പോൾ ആർക്കും പേടി തോന്നുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് പോലെ ഉ​ഗ്രവിഷമുള്ള കരി‍മൂർഖനെ കുളിപ്പിക്കുകയാണ് ഈ യുവാവ്. പത്തി വിരിച്ച് നിൽക്കുന്ന പാമ്പിന്റെ തലയിലാണ് ബക്കറ്റിൽ വെള്ളമെടുത്ത് ഒഴിച്ചു കൊടുക്കുന്നത്. തുറസ്സായ സ്ഥലത്താണ് കുളി. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് ഉദ്യോ​ഗസ്ഥനായ സുശാന്ത് നന്ദയാണ് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യാതൊരു വിധ എതിർപ്പും പ്രകടിപ്പിക്കാതെ കുളി ആസ്വദിച്ചെന്ന വണ്ണം അനങ്ങാതെ  നിൽക്കുകയാണ് മൂർഖൻ. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ വൈദ്​ഗ്ധ്യം നേടിയ ഒരാളെപ്പോലെയാണ് യുവാവിന്റെ പെരുമാറ്റം. ഒരു ബക്കറ്റ് വെള്ളം തലയിലൊഴിച്ചതിന് ശേഷം പാമ്പിന്റെ പത്തിക്ക് മേൽ ഇയാൾ തലോടുന്നതും വീഡിയോയിൽ കാണാം. 

എന്നാൽ ഇങ്ങനെയൊരു പാമ്പിനെ കണ്ടുമുട്ടിയാൽ ഇത്തരം രം​ഗങ്ങൾ അനുകരിക്കാൻ ശ്രമിക്കരുതെന്നെ സുശാന്ത് നന്ദ മുന്നറിയിപ്പ് നൽകുന്നുണ്ട്. 51 സെക്കന്റ് ദൈർഘ്യമുള്ള  വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ 73000 പേരാണ് കണ്ടത്. പാമ്പിനെ ഇത്രയധികെ ധൈര്യത്തോടെ കൈകാര്യം ചെയ്യുന്ന യുവാവിനെ അഭിനന്ദിച്ചാണ് മിക്കവരുടെയും പ്രതികരണം. പാമ്പിന്റെ എതിർദിശയിലേക്കായിരിക്കും എന്റെ ഓട്ടം. ഉസൈൻ ബോൾട്ടിന് പോലും എന്നെ തോൽപിക്കാൻ കഴിയില്ല. എന്നാണ് വീഡിയോ കണ്ട ഒരാളുടെ പ്രതികരണം. ഭൂമിയിലെ തന്നെ ഏറ്റവും വിഷമേറിയ പാമ്പുകളിലൊന്നാണ് കരിമൂർഖൻ. ഇവ ഒരു തവണ കടിക്കുമ്പോൽ പുറത്തുവിടുന്ന വിഷത്തിന് 20 മനുഷ്യരെ കൊല്ലാൻ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.