അശ്ലീല ചിത്രങ്ങൾ കണ്ടാണ് കൗമാരക്കാര്‍ അക്രമണകാരികളാകുന്നതെന്നാണ് സമൂഹത്തിലുള്ള പൊതുവെയുള്ള ചിന്താ​ഗതി. എന്നാൽ, പുതിയ പഠനം പറയുന്നത് മറ്റൊന്നാണ്. അശ്ലീല ചിത്രങ്ങൾ കൗമാരക്കാരന്റെ പെരുമാറ്റത്തെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് എൻ‌യു‌ഐ ഗാൽ‌വേയിലെ സ്കൂൾ ഓഫ് സൈക്കോളജിയിലെ ഡോ. കേറ്റ് ഡോസൺ നടത്തിയ പഠനത്തിൽ പറയുന്നത്. 

കൗമാരക്കാർ പതിവായി പോൺ വീഡിയോ കാണുന്നത് ലൈംഗിക അതിക്രമത്തിന് കാരണമാകുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്നും ഡോ. കേറ്റ് പറയുന്നു. 'അഗ്രസീവ് ബിഹേവിയർ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം  പറയുന്നത്. കൗമാരക്കാരുടെയിടയില്‍ ഓൺ‌ലൈൻ അശ്ലീലം വർധിക്കുന്നതും ലൈംഗിക ആക്രമണത്തെ ഇത് സ്വാധീനിക്കുന്നുണ്ടോ എന്നതും പരിശോധിച്ചു. 

15 നും 17 നും ഇടയിൽ പ്രായമുള്ള 594 കൗമാരക്കാരിൽ പഠനം നടത്തുകയായിരുന്നു. " ലൈംഗിക ആക്രമണകാരികളായ ചെറുപ്പക്കാർ അശ്ലീലം കാണാനുള്ള സാധ്യത കൂടുതലാണ്. ധാരാളം ആളുകൾ ദിവസവും അശ്ലീല വീഡിയോകൾ കാണുന്നുണ്ട്. പോൺ വീഡിയോ കാണുന്ന എല്ലാവരും അക്രമണകാരികള്‍ ആകുന്നില്ല" - ഡോ. കേറ്റ് പറയുന്നു.

"അശ്ലീല വീഡിയോയിൽ അക്രമകരമായ ഉള്ളടക്കമുണ്ടാകാം. അതിനാൽ ഓൺലൈനിൽ കാണുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൗമാരക്കാരെ ബോധവത്കരിക്കേണ്ടതായുണ്ട്. കൗമാരക്കാർക്കായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാവുന്നതാണ് " - ഡോ. കേറ്റ് പറഞ്ഞു.