ടൂര്‍ണമെന്റിന്റെ പാതിവഴിയെത്തിയിരിക്കുന്നു, ഇതുവരെ മുന്നില്‍ നിന്ന് നയിക്കാൻ കഴിയാത്ത നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കിയാല്‍ അത് ചുരുക്കം പേരുകളില്‍ ഒതുങ്ങുന്നതല്ല
A team is a reflection of its captain എന്ന് പറയാറുണ്ട്. ഒരു ടീം എന്ന് പറയുന്നത് അതിന്റെ നായകന്റെ പ്രതിഫലനമാണ് എന്ന് പരിഭാഷപ്പെടുത്താം. ഐപിഎല്‍ 2026 സീസണിന്റെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ വാക്കുകള്‍ ഏറെക്കുറെ ശരിയാണെന്നും കാണാനാകും. രാജസ്ഥാൻ റോയല്‍സ് മാത്രമാണ് ഇതില്‍ നിന്ന് വിഭിന്നമായൊരു സംഘം. ടൂര്‍ണമെന്റിന്റെ പാതിവഴിയെത്തിയിരിക്കുന്നു, ഇതുവരെ മുന്നില്‍ നിന്ന് നയിക്കാൻ കഴിയാത്ത നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കിയാല്‍ അത് ചുരുക്കം പേരുകളില്‍ ഒതുങ്ങുന്നതല്ല.
അജിങ്ക്യ രഹാനെ, സീസണില്‍ ഇതുവരെ ഒരു ജയം മാത്രാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നേടാനായത്. മുംബൈ ഇന്ത്യൻസിനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിത്തുടങ്ങിയ രഹാനെയ്ക്ക് പിന്നീട് ബാറ്റുകൊണ്ടും തന്ത്രങ്ങള്‍ക്കൊണ്ടും ശോഭിക്കാനായില്ല. അവസാന രണ്ട് മത്സരങ്ങളിലും പൂജ്യത്തിലാണ് വലം കയ്യൻ ബാറ്റര്‍ക്ക് മടങ്ങേണ്ടി വന്നത്, ഏഴ് ഇന്നിങ്സില്‍ നാലും ഒറ്റയക്ക സ്കോറുകള്‍. 25 ശരാശരിയില്‍ 152 റണ്‍സാണ് സീസണിലെ ആകെ സമ്പാദ്യം, സ്ട്രൈക്ക് റേറ്റ് 144ല്‍ എത്തി നില്‍ക്കുന്നു. ഓപ്പണര്‍കൂടിയായ രഹാനെ തുടക്കത്തിലെ പുറത്താകുന്നത് കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കുന്ന ഘടകമാണ്.
അന്താരാഷ്ട്ര ടി20 ടീമിലേക്കൊരു മടങ്ങിവരവ് ലക്ഷ്യമിടുന്ന റിഷഭ് പന്തിന്റെ കീഴില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ സീസണ്‍ സെഞ്ചുറികൊണ്ട് അവസാനിപ്പിച്ച് ആശ്വാസം കണ്ടെത്തിയ പന്തിന് ഇക്കുറിയും കാര്യങ്ങള്‍ അനുകൂലമല്ല. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു മാച്ച് വിന്നിങ് ഇന്നിങ്സ്, അര്‍ദ്ധ സെഞ്ചുറി. നായകനെന്ന നിലയില്‍ പന്ത് തിളങ്ങിയ ഏക മത്സരവും അതായിരുന്നു. കളത്തിലെ പന്തിന്റെ തീരുമാനങ്ങളൊന്നും ലഖ്നൗവിന്റെ മുന്നേറ്റത്തിന് ഇന്ധനം പകരുന്നതുമായിരുന്നില്ല ഇതുവരെ.
തലയുടെ പിൻഗാമിയായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തലവരമാറ്റാൻ എത്തിയ റുതുരാജ് ഗെയ്ക്വാദ്. നായകസമ്മര്‍ദം താരത്തിന്റെ ബാറ്റിങ് പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചതായാണ് സീസണ്‍ തെളിയിക്കുന്നത്. ആറ് ഇന്നിങ്സില്‍ നിന്ന് 82 റണ്‍സ് മാത്രം, സ്ട്രൈക്ക് റേറ്റ് 112. ഉയര്‍ന്ന സ്കോര്‍ 28 ആണ്, ചെന്നൈക്കായി 2021 മുതല്‍ 2024 വരെ റണ്ണൊഴുകിയ ബാറ്റാണ് വരള്‍ച്ച നേരിടുന്നത്. താരത്തിന്റെ മോശം ഫോം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ സമ്മര്‍ദവും വര്‍ധിപ്പിക്കുന്നു. ആയുഷ് മാത്രെയ്ക്ക് പരുക്കേറ്റ് സീസണ്‍ നഷ്ടമായതോടെ റുതുരാജിന്റെ തന്റെ മികവ് തിരിച്ചുപിടിച്ചെ മതിയാകു.
ഇന്ത്യയുടെ പ്രീമിയം ഓള്‍റൗണ്ടറും മുംബൈ ഇന്ത്യൻസിന്റെ അമരക്കാരനുമായ ഹാര്‍ദിക്ക് പാണ്ഡ്യ. അഞ്ച് കളികളില്‍ നിന്ന് മൂന്ന് വിക്കറ്റും 96 റണ്‍സുമാണ് ഹാര്‍ദിക്കിന് ഇതുവരെ നേടാനായിട്ടുള്ളത്. ബൗളിങ്ങില്‍ താരത്തിന്റെ എക്കോണമി 12ന് അടുത്താണ്. പവര്‍പ്ലേയിലും മധ്യ ഓവറിലും ഇന്ത്യക്കായി മികവ് പുലര്‍ത്തുന്ന ഹാര്‍ദിക്കിന്റെ നിഴല്‍ മാത്രമാണ് മുംബൈയുടെ ബ്ലൂ ആൻഡ് ഗോള്‍ഡില്‍ ഇക്കുറി. ബാറ്റിങ്ങിലും സമാനമാണ് കാര്യങ്ങള്‍, പഞ്ചാബ് കിങ്സിനും ഗുജറാത്ത് ടൈറ്റൻസിനുമെതിരെ ബാറ്റുകൊണ്ട് ഹാര്‍ദിക്ക് സ്ട്രഗിള്‍ ചെയ്തിരുന്നു.
പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ടെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനും ഇന്ത്യൻ ഓള്‍ റൗണ്ടറുമായ അക്സര്‍ പട്ടേലും നിറം മങ്ങിയാണ് സീസണില്‍ തുടരുന്നത്. ഡല്‍ഹിക്കായി മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന അക്സര്‍ അഞ്ച് ഇന്നിങ്സില്‍ നിന്ന് സ്കോര്‍ ചെയ്തത് 31 റണ്‍സ് മാത്രമാണ്, സ്ട്രൈക്ക് റേറ്റ് 110ലും ഒതുങ്ങി നില്‍ക്കുന്നു. വിക്കറ്റ് ടേക്കര്‍ ബൗളറെന്ന തലക്കെട്ട് നേടിയ അക്സറിന് ആറ് കളിയില്‍ ആറ് വിക്കറ്റാണ് നേടാനായിട്ടുള്ളത്. പക്ഷേ, താരത്തിന്റെ എക്കോണമി മികച്ചതാണ്, 7.9 മാത്രം. ഒന്നിലൊഴികെ എല്ലാ മത്സരങ്ങളിലും വിക്കറ്റും നേടി.
പ്ലേ ഓഫിലേക്ക് അതിവേഗം കുതിക്കുമ്പോഴും രാജസ്ഥാൻ റോയല്‍സിന്റെ നിരാശ റിയാൻ പരാഗിന്റെ ഫോമിലാണ്. രാജസ്ഥാൻ പലകുറി പ്രതിസന്ധിയിലായപ്പോഴും പരാഗ് ക്രീസിലുണ്ടായിരുന്നു. പക്ഷേ, ഒരുതവണപോലും ഒരു വലിയ ഇന്നിങ്സ് പുറത്തെടുക്കാൻ വലം കയ്യൻ ബാറ്റര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏഴ് കളികളില്‍ നിന്ന് 81 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 117. തന്റെ റോളെന്താണെന്ന് പോലും വ്യക്തതയില്ലാത്തതുപോയൊണ് വിവിധ മത്സരങ്ങളില്‍ പല സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്തപ്പോഴും പരാഗില്‍ നിന്നുണ്ടായ സമീപനം തെളിയിക്കുന്നത്.


