വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ അല്‍പം 'റൊമാന്റിക്' ആയ ചുറ്റുപാടിലൊക്കെ ആയിരിക്കണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാര്‍ കാണില്ല. ശാന്തമായ അന്തരീക്ഷവും, സംഗീതവും, മെഴുകുതിരി വെട്ടവും, വൈനും അങ്ങനെ ആകെക്കൂടി സിനിമകളിലെല്ലാം കാണുന്നത് പോലുള്ള മനോഹരമായ ചുറ്റുപാടില്‍ വേണം 'എന്നെ വിവാഹം ചെയ്യാമോ?' എന്ന് ചോദിക്കാന്‍. 

ഇത്രയും തന്നെയേ യുകെയിലെ ഷെഫീല്‍ഡ് സ്വദേശിയായ ആല്‍ബര്‍ട്ട് ആന്‍ഡ്രേയും കരുതിയുള്ളൂ. ഏറെ നാളായി പ്രണയത്തിലാണ്. കാമുകിയോട് വിവാഹക്കാര്യം തുറന്ന് സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

എന്തായാലും അതല്‍പം 'റൊമാന്റിക്' ആയിത്തന്നെയാകാം എന്ന് ആല്‍ബര്‍ട്ട് തീരുമാനിച്ചു. ആദ്യം സൂചിപ്പിച്ചത് പോലെ, വീട് മുഴുവന്‍ ഒരുക്കി, അലങ്കരിച്ച്, ടീ ലൈറ്റ് കാന്‍ഡിലെല്ലാം നിരത്തിവച്ച്, വൈന്‍ കുപ്പിയും ഗ്ലാസുകളുമെല്ലാം മേശപ്പുറത്ത് തയ്യാറാക്കി വച്ച് ആല്‍ബര്‍ട്ട് കാമുകിയെ ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി വീട്ടില്‍ നിന്നിറങ്ങി. 

 

 

തിരികെ വരുമ്പോള്‍ ഈ ഒരുക്കങ്ങളെല്ലാം കണ്ട് കാമുകി ഞെട്ടിത്തരിച്ചുപോകുമെന്നായിരുന്നു ആല്‍ബര്‍ട്ടിന്റെ പ്രതീക്ഷ. പക്ഷേ സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായ മറ്റൊന്നായിരുന്നു. കാമുകിയെ കൂട്ടി മടങ്ങിയെത്തിയപ്പോള്‍ തന്റെ ഫ്‌ളാറ്റ് നിന്ന് കത്തുന്നതാണ് ആല്‍ബര്‍ട്ട് കണ്ടത്. 

ആരോ വിളിച്ച് വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് യൂണിറ്റോളം ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തിയിരിക്കുന്നു. അവര്‍ തീയണയ്ക്കാനുള്ള കടുത്ത ശ്രമത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് ആദ്യമൊന്നും ആല്‍ബര്‍ട്ടിന് മനസിലായില്ല. പിന്നീട് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോഴാണ് കാമുകിക്ക് 'സര്‍പ്രൈസ്' നല്‍കുന്നതിനായി വീട് ഒരുക്കിയ കാര്യവും, നൂറോളം ടീ ലൈറ്റ് കാന്‍ഡിലുകള്‍ കത്തിച്ചുവച്ച കാര്യവുമെല്ലാം ആല്‍ബര്‍ട്ട് വെളിപ്പെടുത്തുന്നത്. 

 

 

സംഗതി വ്യക്തമായല്ലോ, കാന്‍ഡില്‍ ലൈറ്റുകളില്‍ നിന്ന് തീ പടര്‍ന്നതാണ് പ്രശ്‌നമായത്. വീട്ടിനകത്ത് ആരുമില്ലാത്തതിനാല്‍ തീ പടര്‍രുന്നത് കണ്ട അയല്‍വാസികളാണ് സംഭവം ഫയര്‍ സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. എന്തായാലും ആല്‍ബര്‍ട്ടിനുണ്ടായ ഈ ദുരനുഭവത്തെ ഒരു പാഠമായി കരുതണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരത്തില്‍ അശ്രദ്ധമായി കാര്യങ്ങള്‍ ചെയ്യുന്നത് വലിയ വിപത്തുകള്‍ വിളിച്ചുവരുത്തുമെന്നും ആല്‍ബര്‍ട്ടിന്റെ ഫ്‌ളാറ്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- ഒരിക്കല്‍ 'സോള്‍മേറ്റ്' ആയിരുന്നവര്‍ പിന്നീട് പിരിയുന്നതെങ്ങനെ?...