Asianet News MalayalamAsianet News Malayalam

Malayalam Short Story : വെള്ളായണി അപ്പു ഇനി പ്രവാസി, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

chilla malayalam  short story by devan ayyangeril
Author
First Published Mar 6, 2024, 2:56 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam  short story by devan ayyangeril

Also Read: വെള്ളായണിയിലെ കുളക്കോഴി, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 

സാമൂഹ്യ സേവകന്‍, സ്വയം പര്യാപ്തന്‍, സുന്ദരന്‍, സുകളേബരന്‍, ആറാട്ടുകടവ് റോഡിലെ ശുനകിമാരുടെ ഉള്ളിലെ കല്‍ക്കണ്ടം. വെള്ളായണി അപ്പു ഇങ്ങനെ ആരും കൊതിക്കുന്ന പദവിയിലൊക്കെ വിലസുന്ന കാലം. അപ്പോഴാണ് അചിന്ത്യമായത് സംഭവിച്ചത്. 

അതിനെക്കുറിച്ചു പറയാം. അതിനു മുമ്പ് ഒരു കാര്യം. ആദ്യമായിട്ടാണ് നിങ്ങള്‍ വെള്ളായണി അപ്പു എന്ന് കേള്‍ക്കുന്നതെങ്കില്‍  'ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടി' എന്ന എന്റെ ആത്മകഥാശകലകഥ ഒന്ന് വായിക്കണം. പട്ടിയായ വെള്ളായണി അപ്പുവിന്റെ പട്ടിയാകാനും വേണം ഒരു യോഗം അഥവാ തലയിലെഴുത്ത്. അതും സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഇനിയൊരു ഗജകേസരിയോഗം അല്ലെങ്കില്‍ അപ്പുവിനെപ്പോലെ മിനിമം ഒരു ചക്രവര്‍ത്തി യോഗമാണ് എനിക്കുണ്ടാകേണ്ടത്. അതുകൊണ്ട് പക്ഷികളെയും പ്രാണികളെയും ഒക്കെ നോക്കിയിരിക്കുന്ന പരിപാടി ഉപേക്ഷിച്ചു അപ്പുവിനെത്തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്, പഠിക്കുകയാണ്. 

കന്നിമാസം ഇവിടെ ഉത്സവകാലമാണല്ലോ. സകല ശുനകകുലജാതരും വാലുകുലുക്കി സമ്മതിക്കുന്ന ഒരു സത്യം. അതേക്കുറിച്ചു നമുക്ക് കുറഞ്ഞൊന്നു പ്രതിപാദിക്കാം. പറയാമെന്നു പറഞ്ഞാല്‍ സംഗതി കഴിയുമായിരുന്നു പക്ഷെ ഒരു താത്ത്വികാചാര്യന്‍, സൈദ്ധാന്തിക വിശാരദന്‍ എന്നീ നിലകളിലൊക്കെ നിന്നില്ലെങ്കില്‍ ഇക്കണ്ടപട്ടികളൊക്കെ ഓടിത്തള്ളിക്കളയും. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ഞാനൊന്നു തള്ളും. നിലനില്‍പ്പിന്റെ കാര്യമാണെന്ന് കരുതി നിങ്ങളത് കാര്യമാക്കില്ലല്ലോ. 
                   
വെള്ളായണി അമ്പലം കഴിഞ്ഞു വീണ്ടും തെല്ലൊന്നു  തെക്കോട്ടു പോയാല്‍ പഴംപൊരിയും ചൂടുചായയും കിട്ടുന്ന ഒരു പ്രസ്ഥാനം. അവിടെ 'നിന്ന്' ചായകുടിച്ചിരുന്ന പുരുഷപ്രജകള്‍ തല്‍സ്ഥിതിക്ക് ഒരു മാറ്റം ഉണ്ടാവണം എന്നാഗ്രഹിക്കുകയും, നമ്മുടെ പ്രിയപ്പെട്ട  ഇലക്ട്രിസിറ്റി ബോര്‍ഡ് നമ്മുടെ പൈസകൊണ്ട് വാങ്ങിച്ചു നമുക്കുതന്നെ വാടകക്ക് തരാന്‍ കരുതിവച്ചിരുന്ന ഒരു പരന്ന പോസ്റ്റ്, നാലാറു സിമന്റു കട്ടകളുടെ ( നാലഞ്ച് എന്നാണു പ്രാസമൊപ്പിച്ചു പറയേണ്ടതെങ്കിലും ഹൈറ്റ് ലെവലാകാന്‍ നാലാറു തന്നെ വേണം) ബലത്താല്‍ ഒരു ബെഞ്ചാക്കുകയും അദ്ദേശം ഒരു പാര്‍ക്കിനു സമാനമാക്കുകയും ചെയ്തിട്ടുള്ളതാണ്.. വെള്ളായണിയിലൂടെ കാര്‍ഷിക കോളേജിലേക്ക് പോകുന്നവരൊക്കെ ഈ  ഫുള്‍ബെഞ്ച് കണ്ട്  അത്ഭുതം കൂറാറുണ്ടത്രെ

മേല്‍പ്പടി ഫുള്‍ബെഞ്ച് കഴിഞ്ഞാലുടന്‍ ഒരു കലുങ്കാണ്. കലുങ്കിന് താഴെക്കൂടി നെയ്യാറിലെ വെള്ളം ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒഴുകി വരും. കനാലിന്റെ ഇരുകരകളിലുമുള്ള വീടുകളെ ഈ വെള്ളം എലിയെ പത്തായത്തിലിട്ടു മുക്കുന്നതുപോലെ മുക്കും. ഇത് ശീലമായ അദ്ദേശവാസികള്‍ കെട്ടും കിടക്കയുമായി അടുത്തുള്ള പ്രൈമറി സ്‌കൂളിലേക്ക് ഭാഷാപഠനത്തിനായി പോകും. അവിടെ അവര്‍ വ്യൂല്പത്തി, വ്യാകരണം, തര്‍ക്കശാസ്ത്രം എന്നിവയില്‍ പ്രാവീണ്യം കൈവരിക്കാന്‍ 'ഇനിയൊരിക്കലും വെള്ളപ്പൊക്കം ഉണ്ടാവില്ല', 'വേണ്ടത് ചെയ്യും', 'പരിശോധിക്കും' എന്നീ  വിഷയങ്ങളെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യും. പരിശോധിക്കും എന്ന വാക്കു കേട്ടാല്‍ ശോധന വരാത്തവര്‍ കേമ്പില്‍ ആരുമില്ലത്രേ! എന്തായാലും കളക്ടര്‍ മുതല്‍ കരപ്രമാണിമാര്‍ വരെയുള്ളവര്‍ സാധുജന പരിപാലനാര്‍ത്ഥം കടന്നുവന്നു ഫോട്ടോ എടുക്കും, ചാനലുകള്‍ ബൈറ്റെടുക്കും, ഉയരങ്ങളില്‍ രാപാര്‍ക്കുന്നവര്‍ ലൈക്കടിക്കും. കഞ്ഞിക്കലവുമായി വരുന്ന വില്ലേജ് ആപ്പീസറെ കാത്ത് കേമ്പില്‍ പകുതിജനം വഴിക്കണ്ണുമായി നില്‍ക്കും, ബാക്കി പകുതി ആകെയുള്ള ഒരു  ശുചിഹീനമുറിയുടെ മുന്‍പില്‍ ക്യൂ നില്‍ക്കും. ആരെങ്കിലും ഒരു ഏക്ഷന്‍  എടുത്തിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കും. (പ്രാകും എന്നൊക്കെ കഥയില്‍ എഴുതാന്‍ പറ്റുവോ!)

വെള്ളായണിയിലെ ആറാട്ട് മഹോത്സവം എല്ലാ മൂന്നു വര്‍ഷത്തിലുമാണ് ആഘോഷിക്കപ്പെടുന്നതെങ്കിലും മേല്‍പ്പടി വെള്ളപ്പൊക്കവും വെള്ളത്തില്‍ മുക്കലും മാസ്റ്റര്‍ ക്ലാസ്സുകളും എല്ലാവര്‍ഷവും ആഘോഷിക്കപ്പെടുന്നു എന്നുള്ളത് എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും മനോബലം പകരുന്ന ഒരേര്‍പ്പാടായി കാണേണ്ടതാകുന്നു. സോറി എബൌട്ട് ദി ഡിസ്ട്രാക്ഷന്‍!

 

chilla malayalam  short story by devan ayyangeril

 

കലുങ്കില്‍ കയറി വലത്തോട്ട് തിരിഞ്ഞാല്‍ ആറാട്ടുകടവ് റോഡാണ്. വെള്ളായണിയമ്മ എല്ലാ മൂന്നു വര്‍ഷവും ആറാടുവാന്‍ വരുന്ന കടവ് ഇവിടെയായതിനാല്‍ ഈ റോഡിനെ ഞങ്ങള്‍ ആറാട്ടു കടവ്  റോഡ് എന്ന് വിളിക്കുന്നു. പല രാഷ്ട്രീയക്കാരും സിനിമാക്കാരും ഈ  റോഡിന്റെ പേരില്‍ ഒരു കണ്ണ് വച്ചിട്ടുണ്ട്, അപ്പു ഉള്‍പ്പടെ. 'വെള്ളായണി അപ്പു റോഡ്' എന്ന് നാട്ടാരിതിനെ ഒരു കാലം വിളിക്കും എന്നവനുറപ്പാണ്. പക്ഷെ ദേവി ഈ റോഡിനെ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഈ ആറാട്ടുകടവ് റോഡിന്റെ ഏറ്റവും പടിഞ്ഞാറുള്ള വീടാണ് അപ്പു ഭരിക്കുന്നത്. 

ഈ വര്‍ഷത്തെ ആറാട്ടു മഹോത്സവത്തെ കുറിച്ചുള്ള കമ്മറ്റി കൂടിയപ്പോഴാണ് നാട്ടാര്‍ക്കും ഒരു കാര്യം ബോധ്യമായത്. ദേവിക്ക് ആറാടാന്‍ കായലില്ല. കായലിലെ ഒള്ള നീറ്റില്‍ കോരയും കൊളവാഴയുംകൂടി പച്ചപ്പും ഹരിതാഭയും ചമഞ്ഞ് കൊടികുത്തിയിരിക്കുന്നു. ദേവിക്ക് കുളിക്കാനുള്ള കടവ് കായലേത് കരയേത് എന്നറിയാന്‍ പാടില്ലാതെ കിടക്കുന്നു. എന്ത് ചെയ്യാന്‍ ആരോട് പറയാന്‍ എന്ന് നാട്ടാര്‍. പ്രശ്‌നം ഒറ്റപ്പെട്ടതല്ലെന്നും ആഗോളവല്‍ക്കരണത്തിന്റെ ആന്ദോളനങ്ങളാല്‍ ഉരുത്തിരിഞ്ഞ മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ അന്തര്‍ലീനമായിരിക്കുന്ന കെടുകാര്യസ്ഥജന്യമായ പ്രക്രിയയുടെ ഒരു ബഹിര്‍സ്ഫുരണം മാത്രമാണിതെന്നും രാഷ്ട്രീയ മീമാംസകര്‍. വശംകെട്ട നാട്ടാര്‍ പറയുന്നു, 'ഇവനെയൊക്കെ നല്ല പെട പെടക്കണം, കായലി താത്തണം.' 

ആരാണിവന്‍മാര്‍?

അപ്പു ചിന്തിച്ചു. കണ്ടിരുന്നെങ്കില്‍ കടിക്കാമായിരുന്നു. പക്ഷെ ആരാണ് ഈ 'ഇവന്മാര്‍?' പിന്നെ അപ്പുവോര്‍ത്തു ധര്‍മരോഷം കൊള്ളാന്‍ എന്താ സുഖം. എന്തോ ചെയ്തപോലെ ഒരു സുഖം. സ്വാതന്ത്ര്യ സമരത്തിലും നിവര്‍ത്തന പ്രക്ഷോഭത്തിലുമൊക്കെ പങ്കെടുത്തപോലെ ഒരു സാറ്റിസ്ഫാക്ഷന്‍. കാലിച്ചായ കുടിച്ചിട്ട് ഗൂഗിള്‍ പേ ചെയ്യുന്ന അത്ര ഈസി. പ്രത്യേകിച്ച് ഒന്നും ചെയ്യുകേം വേണ്ട. കാലത്തേ പത്രം വായിച്ചു അനീതികളോട് ധര്‍മരോഷം കൊള്ളുന്ന സാക്ഷര കേരളരുടെ സംസ്ഥാന പ്രസിഡന്റാകാന്‍ എന്താവഴി എന്നോര്‍ത്ത് അപ്പു മയങ്ങി.

 

Also Read : മണിക്കുട്ടീസ് കാക്കസ്പാ, വെള്ളായണി പി ഒ, വെള്ളായണി

 

പെടക്കാനും കായലില്‍ താത്താനുമൊന്നും ആരും മുന്നോട്ടു വരാത്തതിനാല്‍ കായലില്‍ ഇപ്പോഴും പായല്‍ തന്നെ. പണ്ട്  നീന്തിക്കുളിച്ചും കോരിക്കുടിച്ചും കഴിഞ്ഞ കായലില്‍ ഇപ്പോള്‍ കാലുകുത്തിയാല്‍ ചൊറിഞ്ഞു നീരുവന്ന് പണ്ടാരമടങ്ങും. അന്നൊക്കെ മഴകഴിഞ്ഞാല്‍ കര്‍ഷകര്‍ കായലിലടിയുന്ന വളക്കൂറുള്ള എക്കലെല്ലാം വാരി തെങ്ങിന്റെയും മറ്റും ചുവട്ടിലിട്ട് നൂറുമേനി വിളയിച്ചിരുന്നു. പിന്നെ തുഗ്ളക്ക്ജീയുടെ തിട്ടൂരം വന്നു, ആരും കായലില്‍ ഇറങ്ങാന്‍ പാടില്ല. ആരും ഇറങ്ങിയതുമില്ല. ചെളിയടിഞ്ഞു കായലിന്റെയാഴം മുട്ടോളമെത്തി. ചെളിയില്‍ കോരപൊടിച്ചു, പണ്ട് മദാമ്മ സമ്മാനിച്ച കുളവാഴ കായലിനെ ശ്വാസം മുട്ടിച്ചു. 

എന്തായാലും ചെറുപ്പക്കാര്‍ ഒത്തുകൂടി പായല് വെട്ടിമാറ്റി ദീര്‍ഘ ചതുരത്തില്‍ അമ്മക്കു കുളിക്കാന്‍ ഒരു കടവുണ്ടാക്കി. ഒറ്റയടിപ്പാതപോലെ തോന്നിച്ചിരുന്ന ആറാട്ടുകടവ് റോഡിലെ പുല്ലും കളയുമൊക്കെ വെട്ടിമാറ്റി വെള്ളംതളിച്ചു ശുദ്ധമാക്കി രാജവീഥിയാക്കി. വീടുകള്‍ തോറും പന്തലിട്ട് കുരുത്തോലകൊണ്ടലങ്കരിച്ചു, അമ്മയ്ക്കിരിക്കാന്‍ പീഠങ്ങളൊരുക്കി, കാഴ്ചയായി രസകദളിയും മോറിസും കപ്പപ്പഴവും കുലകളായി തൂക്കിയിട്ട് അമ്മക്കായി കാത്തിരുന്നു. കുഞ്ഞുകുട്ടി അബാലവൃദ്ധ ജനങ്ങളും ഇതില്‍ ആത്മാര്‍ത്ഥമായി പങ്കുകൊണ്ടു. വഴിപോക്കര്‍ വലിച്ചെറിയുന്ന കുപ്പിയും കടലാസുമൊക്കെ വീട്ടുകാര്‍ അപ്പപ്പോള്‍ പെറുക്കിയെടുത്തു. ആരും വഴിയില്‍ തുപ്പിയില്ല, പാമ്പായി ഇഴഞ്ഞുവന്നാലും മൂത്രമൊഴിച്ചില്ല. അമ്മ വന്നു പോകുംവരെ ഈ വഴി പരിപാവനമാണ്, പവിത്രമാണ്. വീഥിതോറും മുളം തൂണുകള്‍ നാട്ടി, പിണ്ടിലൈറ്റു കെട്ടി, പലവര്‍ണത്തിലുള്ള  വള്ളി ലൈറ്റുകള്‍ കൊണ്ട് കമാനങ്ങളുണ്ടാക്കി ചെറുപ്പക്കാര്‍ ആറാട്ടുകടവിനെ ഒരു ലാസ് വേഗസാക്കി. ഇതുകണ്ട മറുകരക്കാര്‍ നാനാനാട്ടില്‍ നിന്നും ഭീമാകാരത്തിലുള്ള ദേവീദേവ കട്ടൗട്ടുകള്‍ വയലുകള്‍ തോറും പ്രതിഷ്ഠിച്ചു അവയിലേക്ക് ഷാര്‍പ്പികള്‍ അടിപ്പിച്ചു. ഷാര്‍പ്പികളിലെ നീളന്‍ വെളിച്ചം പോലെത്തന്നെ അവരുടെ മേല്‍ക്കോയ്മയും മാനം മുട്ടെ ഉയര്‍ന്നു. അവരെത്ര ലൈറ്റിട്ടാലും ആറാട്ടു കടവ് ഞങ്ങളുടേതാണ്. തിരിച്ചു കയറും മുന്‍പ് 'അമ്മ വരുന്നത് ഞങ്ങളുടെയടുത്താണ്.' ആറാട്ടുകടവുകാരും ഊറ്റം കൊണ്ടു. മൂത്തവര്‍ ഇതിനിടയിലും പരിതപിച്ചു, ചെളിവെള്ളത്തിലാണല്ലോ ഇക്കുറി  അമ്മയ്ക്ക്  ആറാട്ട്. 'അമ്മേ ക്ഷമിക്കണം പൊറുക്കണം: തലമുറയെ കാത്തോണേ'; മനം നൊന്തു കാരണവന്മാര്‍ പ്രാര്‍ത്ഥിച്ചു. 

അവരുടെ പ്രാര്‍ത്ഥനയും പരിതാപവും ആരും കേട്ടില്ല കണ്ടില്ല.

 

chilla malayalam  short story by devan ayyangeril

 

മെയിന്‍ റോഡില്‍ നിന്ന് ആറാട്ടുകടവിലേക്കു ലൈറ്റ് കാണാന്‍ ആളുകള്‍ കാറിലും ബൈക്കിലുമൊക്കെ എത്തിത്തുടങ്ങും. അപ്പുവിന്റെ വീടെത്തുമ്പോഴാണ് അവര്‍ ചതി മനസ്സിലാക്കുക. റോഡില്ല. സഹകരണബാങ്കില്‍ ഇട്ട പൈസപോലെ റോഡ് തീര്‍ന്നു. ശുഭം. പിന്നെ ചെളിയിലും തോട്ടിന്‍വരമ്പത്തൂടെയുമെല്ലാം ഒരു നാഴികപോലും നടക്കേണ്ട, കിരീടം പാലമായി. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു ഫേമസാക്കിയ പാലം. അതിന്റെയടിയില്‍ ആഫ്രിക്കന്‍ പായല്‍ തീര്‍ത്ത സെക്യൂരിറ്റി വലയം. അതിനുള്ളില്‍ സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ ദേശസ്‌നേഹികളായ യുവത  ബീവറേജസില്‍ ക്യൂ നിന്ന് വാങ്ങിക്കുന്ന ഫുള്ളുകളുടെയും പൈന്റുകളുടെയും ഒഴിഞ്ഞ കുപ്പികള്‍, ടച്ചിങ്സ് പൊതിഞ്ഞുകൊണ്ടുവന്ന പ്ലാസ്റ്റിക് ബാഗുകള്‍ അങ്ങനെ ചരിത്രത്തിന്റെ ഈടുവയ്പുകള്‍ അടുക്കായി കിടക്കുന്നു. കരമനയാറ്റിലേക്ക് പോകാനെത്തിയ വെള്ളം പോകാന്‍ കഴിയാതെ ഇവിടെ ഏരിയ സമ്മേളനത്തിനായി കാത്ത്കിടക്കുന്നൂ. മറ്റുവഴിയൊന്നും കാണാത്തതുകൊണ്ട് കായലിലേക്ക് പോകുന്നു. 

താഴേക്ക് നീന്തിവന്ന താറാവിന്‍കൂട്ടങ്ങള്‍ ഇനിയെങ്ങോട്ട് എന്നറിയാതെ ക്വ ക്വ പറഞ്ഞു പോകാന്‍ വഴി തേടുന്നു. കിരീടം പാലത്തില്‍നിന്നു തെക്കോട്ടുള്ള മണ്‍പാത വെള്ളായണി കായലിനെ പുഞ്ചക്കരിയിലേക്കു കയറാതെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നു. ഈ മണ്‍പാതയിലൂടെ നടന്നു കിഴക്കോട്ടു നോക്കിയാല്‍ കാക്കാമൂല വരെ കണ്ണുചെല്ലും. നോക്കുന്നിടത്തെല്ലാം താമര വിരിഞ്ഞു നില്‍ക്കുന്നു. താമരയിലകളുടെ മുകളില്‍ ബാലേ നൃത്ത ചുവടുകള്‍ പരിശീലിക്കുന്ന കുളക്കോഴികള്‍. കായലോരത്തെ ആറ്റുവഞ്ചികളില്‍ ചിറകുണക്കുന്ന നീര്‍ക്കാക്കകള്‍, സിന്ദൂരം വാരിവിതറിയ പോലെ ഉടുപ്പിട്ട നീണ്ടകാലുകളുള്ള  സന്യാസിക്കൊക്കുകള്‍. പടിഞ്ഞാറോട്ടു  നോക്കിയാല്‍ സൂര്യന്‍ തിടുക്കത്തില്‍ അറബിക്കടലിലേക്ക് പോകാന്‍ ചെമ്പട്ടുടുക്കന്നത് കാണാം. ഇതൊക്കെ കാണാന്‍ വൈകുന്നേരങ്ങളില്‍ ആണും പെണ്ണും കുഞ്ഞും പിറുങ്ങണിയുമൊക്കെ വരും. 'ഹായ് താമര, ഹായ് സൂര്യന്‍' എന്നൊക്കെ പറയും. ഇതൊന്നും അധികകാലമില്ലന്നു എല്ലാര്‍ക്കുമറിയാം.  കോരയും കൊളവാഴയും കൈകോര്‍ത്തുപിടിച്ചു ഒരു സൂര്യ രശ്മിപോലും  കായലില്‍ പതിക്കാതിരിക്കാന്‍ രാപ്പകല്‍ സമരം നടത്തുന്നു. അവരുടെയടിയില്‍ കായല്‍ജലം കരിവെള്ളമാകുന്നു. ശ്വാസം കിട്ടാന്‍ കുഞ്ഞുമീനുകള്‍ എങ്ങോട്ടെന്നില്ലാതെ പായുന്നു.  ഇവിടെ ഇനി എത്രനാള്‍ എന്ന് വിലപിക്കുന്ന ദേശാടന പക്ഷികള്‍, കൃഷ്ണപ്പരുന്തുകള്‍, പൊന്മകള്‍. അവരുടെ ദുഃഖം ആവിയായി പൊങ്ങിയ ചുട്ടുപൊള്ളുന്ന ആകാശത്തില്‍നിന്നു മഴ! സംഹാര താണ്ഡവം പോലെ മഴ. 
വിളിവന്നാല്‍ പോകാതിരിക്കാന്‍ പറ്റുമോ. 

കാലം തെറ്റിവന്ന മഴയില്‍ മണ്‍പാതയും കടന്നു കായല്‍ പുഞ്ചക്കരിയിലെ തന്റെ പഴയ തറവാട്ടു സ്വത്തുക്കള്‍ കാണാന്‍ പോയി. അവിടെക്കണ്ട കൃഷിയൊക്കെ നശിപ്പിച്ചെന്നും കേട്ടു. 'പ്രകൃതിക്കു ചിറകെട്ടാന്‍ അമ്മ തമ്മസിക്കൂല' അപ്പു അവനോടുതന്നെ പിറുപിറുത്തുകൊണ്ട്  കോരിച്ചൊരിയുന്ന മഴയെ നോക്കിയിരുന്നു. ചെറുപ്പക്കാര്‍ വെട്ടിയുണ്ടാക്കിയ ചെളിക്കുഴിയില്‍ ആറാടിപ്പോയ അമ്മയുടെ കോപം അകാലത്തില്‍ പൊട്ടിവീണ മഴയായി വെള്ളായണിയെ മുക്കുന്നു. അമ്മയുടെ കോപം കരമനയാറിലൂടെ നഗരത്തെ  മുഴുവന്‍ മുക്കുന്ന പ്രളയമായ് കുതിച്ചെത്തുന്നു. 

 

Also Read: ഫ്‌ളാറ്റിലെ പ്രാവുകള്‍, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

 

ദ്വാരക പോയപോലെ ഇപ്പുരിയും പ്രളയത്തില്‍ മുങ്ങുന്നതിന്‍മുന്‍പ്  ബി നിലവറയിലുള്ളത് അടിച്ചുമാറ്റി ദുബൈക്ക് പോകാന്‍ കാത്തിരിക്കുന്നവരോട് എന്തരു പറയാന്‍, എന്തേരിന് പറയാന്‍ എന്ന് സ്വയം പറഞ്ഞു കൊണ്ട് അപ്പു ഒന്ന് തിരിഞ്ഞു കിടന്നു. ഒരു ചൈനീസ് അക്ഷരം പോലെ. അപ്പോള്‍ അവന്റെ ഉള്ളില്‍ പണ്ടെങ്ങോ കേട്ട ഒരു മുദ്രാവാക്യം ഓര്‍മ്മ വന്നു. 'ചൈനയിലുണ്ടോ വിലക്കയറ്റം, ക്യൂബയിലുണ്ടോ വിലക്കയറ്റം.' 

എന്നാപ്പിന്നെ അങ്ങാട്ട് പൊയ്യാലോ?' 

ആ ചിന്ത ഒരു വലിയ ചിന്തയായതുകൊണ്ട്  അപ്പു ഉണര്‍ന്നു. ക്യൂബയിലുള്ള ആരോഗ്യമുള്ളവരും വിദ്യയുള്ളതുമായ സീഞ്ഞോര്‍സ് ആന്‍ഡ് സിഞ്ഞോറീത്താസ് എല്ലാം മയാമിയിലേക്കു നീന്തിയും ടയറില്‍ പിടിച്ചുകിടന്നുമൊക്കെ എത്തിയിരിക്കുന്നു എന്ന് അവിടത്തുകാരന്‍ ഷാജിപ്പാപ്പന്‍ പറയുന്നു. അങ്ങനെ നോക്കിയാല്‍ കരിമ്പിന്‍ തോട്ടത്തില്‍ ഒരു ജോലി തരാവും. ആദ്യമൊക്കെ കാര്യമായി എന്തെങ്കിലുമൊക്കെ ചെയ്തു ക്യൂബക്കാരെ ഇമ്പ്രെസ്സ് ചെയ്യണം. പിന്നെ  തിരന്തോരത്തു ചെയ്യണപോലെ കണ്‍ട്രാക്ക് വിട്ടു ജീവിക്കാം. നോട്ട്  എ ബാഡ് ഐഡിയ. 

അപ്പു പെട്ടി പായ്ക്ക് ചെയ്തു. ശുനകത്തരുണികള്‍ വിതുമ്പി. അപ്പു അവരെ സമാധാനിപ്പിച്ചു. നാളെ  ഈ ശുനകനും  ക്യൂബയുടെ ഭരണം ഏറ്റെടുത്താലോ. ശുനകികള്‍ അടങ്ങി. ഭാവിയില്‍ ഒരു പ്രഥമ പട്ടിയാകാനുള്ള അവസരം എന്തിനു കളഞ്ഞുകുളിക്കണം. സൂക്ഷിക്കണം ടേക്ക് കെയര്‍ എന്നൊക്കെ പറഞ്ഞു ഒന്നൊന്നായി അവര്‍ പോയി. അപ്പു എയര്‍പോര്‍ട്ടിലേക്കും

അങ്ങനെ വെള്ളായണി അപ്പുവും പ്രവാസിയായി. ശുഭം.

Follow Us:
Download App:
  • android
  • ios