ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ആതിര നാഥ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ലൈബ്രറിയിലെ ബുക്കുകള്‍ക്കിടയില്‍ അലക്ഷ്യമായി ഞാന്‍ പലതും തിരഞ്ഞു.
എന്താണ് എനിക്ക് വേണ്ടത്?
എനിക്കൊന്നുറക്കെ കരയണം പക്ഷെ വാവിട്ട് ഉറക്കെ നിലവിളിക്കാന്‍ എനിക്ക് എന്റെതായ ഒരിടവും ഇന്ന് ഈ ഭൂമിയില്‍ അവശേഷിക്കുന്നില്ല. ആ ബോധ്യം എന്നെ തലങ്ങും വിലങ്ങും പരിഹസിച്ചു. കുത്തി നോവിച്ചു. കീറി വ്രണപ്പെടുത്തി.
ചോര വാര്‍ന്ന് വാര്‍ന്ന് എനിക്ക് ചുറ്റും നിലയില്ലാത്ത ഒരു ജലാശയം രൂപം കൊണ്ടു. എന്നിട്ടും എനിക്ക് കരയാന്‍ കഴിയുന്നില്ല. കണ്ണില്‍ നിന്നും ഒരു തുള്ളിയും പുറത്തേക്ക് ചാടിയില്ല. പകരം ആവി പറക്കുന്നു. എനിക്ക് ഓടാന്‍ തോന്നുന്നുണ്ട്. പക്ഷെ കാല്‍മുട്ടുകള്‍ക്ക് അതിനുള്ള ശേഷിയില്ല.
ഞാന്‍ പണ്ട് താമസിച്ചിരുന്നു കബനി ഹോസ്റ്റലിന്റെ ടെറസില്‍ രാത്രി 2.3 മണിക്ക് ശേഷം എനിക്ക് മാത്രം അവകാശപ്പെട്ടതായി മാറുമായിരുന്നു. മൂന്നാം നിലയുടെ മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന. ആ പച്ചപ്പിനിടയില്‍ എന്നും ഒരു കുല പൂവെങ്കിലും ഉണ്ടാകുമായിരുന്നു. എന്തേ എന്നും ഒരു പൂവെങ്കിലും ഇതില്‍ പൂത്തു നില്‍ക്കുന്നു എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായില്ല.
ഞാന്‍ കണിക്കൊന്നയോട് സംസാരിക്കാറുണ്ട്. പക്ഷെ ഉത്തരങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. എന്നാലും നിരന്തരം ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു. കണിക്കൊന്നകള്‍ക്കിപ്പുറം മുളകള്‍ കൂട്ടമായി നില്‍ക്കുന്നു. കാറ്റില്‍ മുളകള്‍ കൂട്ടിയിടിച്ചു പാട്ടുകള്‍ പാടുന്നു.
മുകളിലേക്ക് കണ്ണെത്താദൂരത്തു ഇരുട്ട്. ഓരോ രാത്രിയിലും ഇരുട്ടിനു പല പല നിറങ്ങളാണ്. ചിലപ്പോള്‍ വെള്ളിമുത്തുകള്‍ വിതറിയ പോലെ നക്ഷത്രങ്ങള്‍.
ചിലപ്പോള്‍ ഒന്നോ രണ്ടോ...ചിലപ്പോള്‍ ഒളിച്ചുകളിക്കാരെ പോലെ ചിലര്‍. ചില രാത്രികളില്‍ ചിന്നിത്തെറിച്ചപോലെ. ചിലപ്പോള്‍ ആകട്ടെ ആരും ഉണ്ടാകില്ല. അന്നെനിക്ക് നിരാശയാവും. ഞാന്‍ പരിഭവം പറയും. കണ്ണടച്ചു പ്രാര്‍ത്ഥിക്കും.
ഒന്ന് വായോ എന്നെ കാണാന്‍, ഒന്ന് മിണ്ടാന്‍ എന്നൊക്കെ പുലമ്പും. ചന്ദ്രന്റെ എല്ലാഭാവങ്ങളും എന്നെപോലെ ആര്‍ക്കുമറിയില്ലെന്ന് ഞാന്‍ വാശിപിടിക്കും.
എനിക്കെന്നും വെട്ടം വീണുതുടങ്ങുമ്പോള്‍, അഞ്ചു മണിക്ക് ശേഷം മാത്രമാണ് ഉറക്കം വരുന്നത്. അത് വരെ ഞാന്‍ നക്ഷത്രങ്ങളോടും ചന്ദ്രനോടും സംസാരിക്കും. എന്റെ മുന്നിലൂടെ കടന്ന് പോകുന്ന വാവലുകളോടും കിളികളോടും സംസാരിക്കും. ടെറസിലെ തുണികള്‍ തോരാന്‍ കെട്ടിയ അയവള്ളികളോട് പോലും ഞാന്‍ സംസാരിക്കും. വട്ട്പിടിച്ചവളെപോലെ ഞാന്‍ ടെറസിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചിലപ്പോള്‍ വേഗത്തില്‍, ചിലപ്പോള്‍ വളരെ പതിയെ. ചിലപ്പോ മാനത്തേക്ക് നോക്കി അങ്ങനെ കിടക്കും. ചിലപ്പോ അലമുറയിടും. ചിലപ്പോ തേങ്ങല്‍ മാത്രം. ചിലപ്പോള്‍ കണ്ണുനീര്‍ മാത്രം. ചന്ദ്രനും നക്ഷത്രങ്ങളും എനിക്കുചുറ്റുമുള്ള സര്‍വ്വതും സ്തംഭിച്ചുനില്‍ക്കാറുണ്ട് പലപ്പോഴും. ജീവനുള്ളവയും ജീവനില്ലാത്തവയോടും ഞാന്‍ സംസാരിച്ചു.
ഇടയ്ക്കിടയ്ക്ക് മരുന്ന് ബഹിഷ്‌കരിക്കുകയെന്നത് എന്റെ തന്നെ കണ്‍സല്‍റ്റേഷന്റെ ഭാഗമാണ്. എല്ലാ പരിധിയും ഭേദിച്ചപ്പോള്‍ ഒരു ദിവസം ഞാന്‍ ഗത്യന്തരമില്ലാതെ മെഡിക്കല്‍ കോളേജിലേക്ക് ഓടും. ഇത്തവണ ഞാന്‍ കണ്ടത് മാസ്‌ക് ധരിച്ച കയ്യില്‍ ചുമന്ന ചരടുകള്‍ കെട്ടിയ ഒരു ലേഡി ഡോക്ടറെയാണ്. 30-35 പ്രായം... കണ്ണുകളില്‍ എന്തെന്നില്ലാത്ത തീക്ഷ്ണത.
ഇന്നും ഞാന്‍ അവരുടെ മുഖം കണ്ടിട്ടില്ല. ചുണ്ടുകളെയും മൂക്കിനെയും മറച്ചുകൊണ്ട് മാസ്‌കിനു മുകളില്‍ ആ കണ്ണുകള്‍ മാത്രം. അവര്‍ എന്നോട് സംസാരിച്ചു. എന്റെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഞാന്‍ എല്ലാ വ്യാഴാഴ്ചയും മുടങ്ങാതെ അവരെ കാണാന്‍ പോയി. ഞാന്‍ കണ്‍സല്‍റ്റിങ്ങിനിടെ പരിസരം മറന്നു നിലവിളിച്ചു കരഞ്ഞ ദിവസങ്ങള്‍ ഉണ്ട്. സിസ്റ്റര്‍മാറും മറ്റു ഡോക്ടര്‍മാരും രോഗികളും നിശ്ചലരായി ഇരുന്നിട്ടുണ്ട്. ഞാന്‍ വൈകിവരുന്ന പല ദിവസങ്ങളിലും എത്ര ആളുകള്‍ ഉണ്ടങ്കിലും എന്നോട് സംസാരിക്കാതെ എനിക്ക് മരുന്ന് തരാതെ ആ കണ്ണുകള്‍ അവിടം വിടാറില്ല.
എന്നെ എന്നിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ 'ആ കണ്ണുകള്‍' ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പലപ്പോഴും അവരുടെ വിരലുകള്‍ എന്നേ തൊടാതെ തൊട്ടിരുന്നു. ആ മാസ്‌ക് ഒന്ന് മാറ്റുമോയെന്ന ചോദ്യം പലപ്പോഴും തൊണ്ടയില്‍ കുടുങ്ങികിടന്നു. ഒരിക്കലും പുറത്തേക്ക് ആ ചോദ്യം വന്നില്ല.
ഒരുദിവസം അവരെന്നോട് പറഞ്ഞു, സ്ഥലം മാറ്റമാണെന്ന്. ഇനി വരുന്ന ഡോക്ടറെ നിങ്ങളെ എല്പിച്ചിട്ടേ ഞാന്‍ പോകുകയുള്ളുവെന്നും എന്നോടവര്‍ പറഞ്ഞു.
എനിക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. ഞാന്‍ നിസ്സഹായതയോടെ അവരുടെ കണ്ണുകളിലേക്ക് നോക്കി. അടുത്ത ആഴ്ച ഞാന്‍ ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ ആ കണ്ണുകള്‍ക്ക് പകരം മറ്റൊരു മുഖമായിരുന്നു.
നിരാശയില്‍ ഞാന്‍ തിരിച്ചു വന്നു. എനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും എനിക്ക് ഒരു ഡോക്ടറെയും കാണണ്ട ആവശ്യമില്ലെന്നും ഞാന്‍ തന്നെ തീരുമാനം എടുത്തു.
ഞാന്‍ കോട്ടയത്തുനിന്നും കാലടിയിലേക്ക് മാറി. പുതിയ സ്ഥലം എനിക്ക് തീര്‍ത്തും അപരിചിതമാണ്. കരയാന്‍ എനിക്കായി ഇവിടെ ഒരിടവും കണ്ടുകിട്ടിയില്ല. ആ മാസ്‌ക് ധരിച്ച മുഖം വീണ്ടും വീണ്ടും ഓര്‍ത്തു. ആ കണ്ണുകള്‍ വീണ്ടും വീണ്ടും എന്നെ അലട്ടി.
എനിക്ക് ഒന്നുടെ കരയണമെന്നുണ്ട്.
Where is my doctor?
എനിക്കറിയില്ല. അവരെവിടെയെന്ന്.
