മലപ്പുറം: പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കിടയിലെ തൊഴിൽരാഹിത്യം പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിൽ സംഘടിപ്പിച്ച പ്രത്യേക തൊഴിൽ മേള ഉദ്യോഗാർഥികളുടെയും തൊഴിൽ ദാതാക്കളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. സംസ്ഥാനത്താദ്യമായി നടക്കുന്ന പ്രത്യേക തൊഴിൽ മേളയിൽ 295 പേർക്ക് വിവിധ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു.

പ്രളയം തകർത്ത വനമേഖലയിലുള്ളവർക്ക് പ്രതീക്ഷയേകിയ തൊഴിൽ മേളയിൽ 333 പേരെ വിവിധ സ്ഥാപനങ്ങൾ തൊഴിലാളികളായി തെരഞ്ഞെടുത്തു. ഇവർക്ക് തെരഞ്ഞെടുത്ത സ്ഥാപനങ്ങൾ നടത്തുന്ന രണ്ടാംഘട്ട കൂടിക്കാഴ്ചയിലൂടെ തൊഴിലുറപ്പാക്കും. ധനകാര്യ സ്ഥാപനങ്ങളും സാങ്കേതിക സ്ഥാപനങ്ങളുമുൾപെടെയുള്ള 14 സ്ഥാപനങ്ങൾ 312 പേരെ വിദഗ്ധ തൊഴിൽ പരിശീലനത്താനായി തെരഞ്ഞെടുത്തു.

നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഇന്നലെ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു തൊഴിൽ മേള. പട്ടിക വർഗ്ഗ വികസനം, കുടുംബശ്രീ, ഐടിഡിപി, ഫോറസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടന്ന മേളയിൽ 1925 പേരാണ് രജിസ്റ്റർ ചെയ്തത്. 1245 തൊഴിലന്വേഷകർ മേളയിൽ നേരിട്ടു പങ്കെടുത്തു. ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ സർക്കാർ ഏജൻസികൾ എന്നിവയുൾപ്പെടെ 29 തൊഴിൽദാതാക്കളാണ് മേളയിലുണ്ടായിരുന്നത്. ഉദ്യോഗാർഥികൾക്ക് രജ്സ്ട്രേഷൻ ഫോമുകൾ വിതരണം ചെയ്തു ജില്ലാ കലക്ടർ ജാഫർ മലിക് തൊഴിൽ മേളക്ക് തുടക്കമിട്ടു. 

സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ മേള സന്ദർശിച്ചു. ജൻശിക്ഷൺ സൻസ്ഥാനിലൂടെ നിലമ്പൂരിലെ വസ്ത്ര നിർമ്മാണ യൂണിറ്റായ നിഷ്വ ഗാർമെന്റ്സ് ജോലിക്കായി തെരഞ്ഞെടുത്ത ആദ്യ അഞ്ചു യുവതികൾക്ക് മന്ത്രി തൊഴിൽ ഉത്തരവുപത്രം കൈമാറി. ജില്ലയിലെ വിവിധ പട്ടിക വർഗ്ഗ കോളനികളിൽ നിന്നായി എസ്എസ്എൽസി പൂർത്തിയാക്കിയവരും കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ് തൊഴിൽ മേളക്കെത്തിയത്.

നഴ്സിങ്,  ആതുര ശുശ്രൂഷ രംഗം, സാങ്കേതിക മേഖല, ഭക്ഷ്യരംഗം, വസ്ത്ര നിർമ്മാണം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിലേക്കും വിവിധ സർക്കാർ വകുപ്പുകളിലെ താത്ക്കാലിക ഒഴിവുകളിലേക്കും കൂടിക്കാഴ്ചക്ക് പ്രത്യേക സൗകര്യങ്ങളുണ്ടായിരുന്നു. ഉദ്യോഗാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാറും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. മോട്ടിവേഷൻ ക്ലാസിന് ഡോ. നംഷാദ്, ഫിലിപ്പ് മമ്പാട് എന്നിവർ നേതൃത്വം നൽകി. അസാപ് ട്രൈയിനർമാരുടെ നേതൃത്വത്തിലായിരുന്നു കരിയർ ഗൈഡൻസ് ക്ലാസ്. കുടുംബശ്രീ ജില്ലാ മിഷനാണ് മേള സജ്ജീകരിച്ചത്.