അതേസമയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് ചിട്ടി തുക എടുത്തതെന്നാണ് രഞ്ജിത്തിന്‍റെ പക്ഷം.

കാഞ്ഞങ്ങാട്: കാസര്‍കോട് മന്യപ്പാടിയില്‍ ക്ഷേത്രത്തിന്റെ പേരില്‍ ചിട്ടി നടത്തി യുവാവ് മുങ്ങിയതായി പരാതി. ലക്ഷങ്ങള്‍ നാട്ടുകാരില്‍ നിന്ന് തട്ടിയെടുത്തെന്നാണ് ആരോപണം. മന്യപ്പാടി സ്വദേശി രഞ്ജിത്തിന് എതിരേയാണ് നാട്ടുകാർ രംഗത്തെത്തിയത്. എന്നാല്‍ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കടംകൊണ്ട് പൊറുതിമുട്ടിയതോടെ നില്‍ക്കക്കള്ളിയില്ലാതെ താന്‍ മാറി നില്‍ക്കുകയാണെന്നാണ് കുറ്റാരോപിതനായ യുവാവ് പറയുന്നത്.

ആലങ്കോട് ഹൗസിംഗ് കോളനിയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍റെ പേരിലാണ് രഞ്ജിത്ത് ചിട്ടി നടത്തിയിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ ചിട്ടി ലഭിച്ചവര്‍ക്ക് പോലും പണം നല്‍കിയില്ലെന്നാണ് പരാതി. ജൂണ്‍ 16 നാണ് രഞ്ജിത്തും കുടുംബവും വീടും പൂട്ടി സ്ഥലം വിടുന്നത്. നാട്ടുകാർ അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. 

അയല്‍വാസിയായ കാര്‍ത്യായനിയുടെ രണ്ട് പവന്‍ മാലയും യുവാവ് കൈക്കലാക്കിയെന്നും പരാതിയുണ്ട്. അതേസമയം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കടം തീര്‍ക്കാനാണ് ചിട്ടി തുക എടുത്തതെന്നാണ് രഞ്ജിത്തിന്‍റെ പക്ഷം. തനിക്ക് നേരെ വധഭീഷണി ഉണ്ടായതോടെയാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ആരെയും പറ്റിക്കില്ലെന്നും രഞ്ജിത്ത് വിശദീകരിക്കുന്നു. 

Read More : വിഷം കഴിച്ചു, പെൺകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; ഭർത്താവടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, ഒളിവിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..