Asianet News MalayalamAsianet News Malayalam

കേരളത്തിലെ ആദ്യ ഡ്രോണ്‍ ലൈറ്റ് ഷോ കാണണോ? കോഴിക്കോട്ടേക്ക് പോകാം...

മൈസൂര്‍ ദസറയിലും ദീപാവലി ആഘോഷത്തിലും ഐപിഎല്ലിലും അത്ഭുതത്തോടെ കണ്ട ഡ്രോണ്‍ ലൈറ്റ് ഷോ ബേപ്പൂരിലും

Beypore Water Fest First Drone Light Show in Kerala SSM
Author
First Published Dec 25, 2023, 2:18 PM IST

കോഴിക്കോട്: ആകാശത്ത് വിസ്മയം തീർക്കുന്ന ഡ്രോൺ ലൈറ്റ് ഷോ ആദ്യമായി കേരളത്തിൽ. ബേപ്പൂർ ഇന്‍റർനാഷണൽ വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് കേരളത്തിൽ ആദ്യമായി ഡ്രോൺ ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്.  ഡിസംബർ 26 മുതലാണ് ബേപ്പൂര്‍ ഫെസ്റ്റ്. 

മൈസൂര്‍ ദസറയിലും ദീപാവലി ആഘോഷത്തിലും ഐപിഎല്ലിലും നമ്മള്‍ അത്ഭുതത്തോടെ കണ്ട ഡ്രോണ്‍ ലൈറ്റ് ഷോയാണ് ബേപ്പൂരിലും എത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തോടൊപ്പം ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാന്‍ ക്ഷണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. 

ബേപ്പൂർ രാജ്യാന്തര വാട്ടർ ഫെസ്റ്റിന്റെ സീസൺ 3 ആണ് ഡിസംബര്‍ 26ന് തുടങ്ങുക. ഡിസംബര്‍ 29 വരെ 4 ദിവസമായി നടക്കുന്ന മേളയിൽ വാട്ടർ സ്‌പോർട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും ഉണ്ടാകും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേർന്നാണ് വാട്ടർ ഫെസ്റ്റും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്. ബേപ്പൂരിൽ ചാലിയാർ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂർ, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമാണ് ഫെസ്റ്റ്. 

സിറ്റ് ഓൺ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടർ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങൾക്ക് പുറമേ നാടൻ തോണികളുടെ തുഴച്ചിൽ മത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റ് മേളയുടെ പ്രധാന ആകർഷണമാണ്. ജല കായിക പരിപാടികള്‍ക്കൊപ്പം കലാ സംഗീത പരിപാടികളും ഉണ്ടാകും. നാളെ രാവിലെ ഏഴു മണിക്ക് കോഴിക്കോട് ബീച്ചിൽ നിന്ന് ബേപ്പൂർ ബീച്ചിലേക്ക് നടക്കുന്ന സൈക്കിൾ റാലിയോടെ ബേപ്പൂർ വാട്ടർ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. വൈകിട്ട് 6.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ബേപ്പൂർ ബീച്ചിൽ ഉദ്ഘാടനം ചെയ്യുക. ഡിസംബര്‍ 26 മുതൽ 29 വരെ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും കപ്പൽ പൊതുജനങ്ങൾക്ക് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios