വെണ്മണി ചെറുവല്ലൂർ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് വളർത്തു പോത്തുകള്‍ മോഷണം പോയ കേസില്‍  കൂടുതൽ പ്രതികൾ അറസ്റ്റിൽ

വെണ്‍മണി: വെണ്മണി ചെറുവല്ലൂർ മുഹമ്മദ് ഹനീഫ എന്നയാളിന്റെ വീടിന്റെ പറമ്പിൽ കെട്ടിയിരുന്ന രണ്ട് വളർത്തു പോത്തുകള്‍ മോഷണം പോയ കേസില്‍ കൂടുതൽ പ്രതികൾ അറസ്റ്റിൽ. രണ്ടാം പ്രതിയായ ചെറിയനാട് കോടംപറമ്പിൽ വീട്ടിൽ ദിനേശ് കെ ആർ എന്നയാൾ നേരത്തേ അറസ്റ്റിലായിരുന്നു. 

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാളോടൊപ്പം ഉണ്ടായിരുന്ന 4-ാം പ്രതി പത്തനംതിട്ട റാന്നി അങ്ങാടി മുറിയിൽ മേലേവീട്ടിൽ ഷമീർ, 5-ാം പ്രതി പത്തനംതിട്ട റാന്നി അങ്ങാടി മുറിയിൽ പുലിപ്രപതാലിൽ വീട്ടിൽ മുഹമ്മദ് ബാരിഷ്, 6 -ാം പ്രതി പത്തനംതിട്ട റാന്നി, അങ്ങാടി മരോട്ടിപതാലിൽ വീട്ടിൽ ഷാജി എന്നിവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന റാന്നിയിൽ നിന്നുമാണ് അറസ്റ്റിലായത്.

വെണ്മണി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ നസീർ എ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിവേക്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, ഷെഫീഖ്, അരുണ് ഭാസ്ക്കർ, ഗോപകുമാർ, ആകാശ് ജി കൃഷ്ണൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Read more:  വാട്ടർ ബിൽ അടച്ചോ...? ഇല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുക മാത്രമല്ല, വലിയ പണികിട്ടും, മുന്നറിയിപ്പ്!

കഴിഞ്ഞ ആറിന് രാത്രിയിലാണ് ഇയാളും മറ്റു രണ്ടുപേരും ചേർന്ന് പറമ്പിൽ കെട്ടിയിരുന്ന പോത്തുകളെ കടത്തിക്കൊണ്ടുപോയത്. 48000 രൂപയ്ക്ക് കായംകുളത്തെ ഇറച്ചിക്കച്ചവടക്കാർക്ക് ഇവയെ വിറ്റ ശേഷം പണം മൂവരും ചേര്‍ന്ന് വീതിച്ചെടുത്തു. ഇതിൽ 10000 രൂപ പ്രതിയുടെ കൈയിൽ നിന്നും പിടിച്ചെടുത്തിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും പോത്തുകളെ കാണാതെ പോയ സംഭവങ്ങൾക്ക് പിന്നിൽ ഇവരാണെന്ന സംശയത്തിലാണ് പൊലീസുള്ളത്.