ഇടുക്കിയിലും കശുമാവ് തോട്ടമുണ്ടാക്കാമെന്ന് തെളിയിച്ച കർഷകൻ
ഇടുക്കിയിലൊരു ഇടവിള കൃഷി മാത്രമാണ് കശുമാവ് കൃഷി. എന്നാൽ ഇടുക്കിക്കാരൻ പൂമാക്കണ്ടം ജയകുമാറിന്റെ പുരയിടത്തിലെത്തിയാൽ ഇടവും വലവുമെല്ലാം കശുമാവുകളാണ്. മറ്റ് കൃഷിക്കൊപ്പം വിപുലമായ രീതിയിൽ കശുമാവ് കൃഷി ചെയ്തുവരുന്ന അപൂർവം കർഷകനാണ് ജയകുമാർ. സാധാരണ കർഷകർ ഇടവിളയായി മാത്രം കശുമാവ് കൃഷി ചെയ്തു വരുമ്പോൾ ജയകുമാർ രണ്ടര ഏക്കറോളം സ്ഥലത്താണ് കശുമാവ് കൃഷി ചെയ്തു പരിപാലിച്ചുവരുന്നത്.
മറ്റ് കൃഷികളെ പോലെ കൂടുതൽ സ്ഥലം നീക്കിവെച്ച് കശുമാവ് കൃഷി ചെയ്യുക അത്ര എളുപ്പമല്ല. കശുമാവ് വലിയ മരങ്ങൾ ആയതിനാലും കൂടുതൽ സ്ഥലം ഈ ഒരു കൃഷിക്കായി മാത്രം വേണമെന്നതിനാലും കശുമാവ് കൃഷി ഹൈറേഞ്ചിൽ അത്ര വിപുലമാക്കാറില്ല. ഇത്തരം പ്രതിസന്ധികളെയൊക്കെ അവഗണിച്ചുകൊണ്ടാണ് ഇടുക്കി പൂമാങ്കണ്ടം കോട്ടക്കല്ലിമലയിൽ ജയകുമാർ കൃഷി ആരംഭിച്ചത്.
മലമുകളിൽ അഞ്ഞൂറോളം കശുമാവുകൾ
മലമുകളിലെ രണ്ടര ഏക്കറിലധികം സ്ഥലത്ത് അഞ്ഞൂറോളം കശുമാവുകളാണ് ജയകുമാർ നട്ട് പരിപാലിച്ചുവരുന്നത്. ആദ്യ രണ്ടു വർഷങ്ങൾ മാത്രമാണ് വെള്ളവും വളവും ഉൾപ്പെടെ കാര്യമായ പരിചരണം വേണ്ടത് മൂന്നാം വർഷം മുതൽ വരുമാനം ലഭിച്ചു തുടങ്ങും. കൃഷി ലാഭകരമാണെങ്കിലും കശുവണ്ടിക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നില്ലന്നാണ് ജയകുമാർ പറയുന്നത്. കിലോയ്ക്ക് 120 രൂപ വരെ വില വന്നെങ്കിലും 80 രുപയാണ് ഇപ്പോഴത്തെ ശരാശരി വില. കൃഷി വകുപ്പിൽ നിന്നുള്ള സഹായങ്ങൾ ഒന്നും കശുമാവ് കൃഷിക്ക് ലഭ്യമല്ല. കശുവണ്ടി വികസന കോർപ്പറേഷൻ്റെ നാമമാത്രമായ ചില സഹായങ്ങൾ മാത്രമാണ് ലഭിക്കുന്നത്.
അധികൃതരുടെ സഹായം എങ്ങനെ
കശുവണ്ടിക്ക് തറവില നിശ്ചയിക്കുന്നതോടൊപ്പം, കൃഷി വകുപ്പ് കൂടി ഇടപെട്ടാൽ കൂടുതൽ പേർ കശുമാവ് കൃഷിയിലേക്ക് കടന്നുവരുമെന്നാണ് യുവകർഷകനായ ജയകുമാർ പറയുന്നത്. കശുവണ്ടി വികസന ഏജൻസി അധികൃതർ ജയകുമാറിൻ്റെ കൃഷിയിടത്തിൽ സന്ദർശനം നടത്തി. കൂടുതൽ കർഷകരെ കശുമാവ് കൃഷി രംഗത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും, ആവശ്യമായ തൈകളും പരിശീലനവും മാർഗ്ഗനിർദേശങ്ങളും കർഷകർക്ക് ഏജൻസി നൽകിവരുന്നതായും ഫീൽഡ് അസിസ്റ്റൻ്റ് ബിനുകുമാർ, നിധീഷ് എന്നിവർ പറഞ്ഞു. വരും കാലങ്ങളിൽ കശുവണ്ടി ഇറക്കുമതി കുറയ്ക്കുന്നതോടൊപ്പം ജില്ലയിലെ കർഷകർക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നതായും ഫീൽഡ് അസിസ്റ്റൻ്റുമാർ പറഞ്ഞു.
കശുമാങ്ങ പഴുത്തു, നാട്ടിലിറങ്ങി കാട്ടാനകൾ, ഉറക്കം നഷ്ടപ്പെട്ട് മണിക്കടവ്, വ്യാപക കൃഷിനാശം
